Site iconSite icon Janayugom Online

എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകില്ല; സ്വതന്ത്ര സ്ഥാനാർത്ഥികളെയും പ്രോത്സാഹിപ്പിക്കും: ടി പി രാമകൃഷ്ണൻ

RamakrishnanRamakrishnan

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വയനാട് പാർലമെന്റ് മണ്ഡലം സിപിഐയുടെ സീറ്റാണ്. ഇവിടെ സ്ഥാനാർത്ഥിയെ സിപിഐ പ്രഖ്യാപിക്കും. പാലക്കാട്, ചേലക്കര സ്ഥാനാർത്ഥികളുടെ പേര് സിപിഎമ്മും പ്രഖ്യാപിക്കും. സംഘടനാപരമായ ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ളതിനാലാണ് സമയമെടുക്കുന്നതെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പി സരിൻ സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എൽഡിഎഫിന്റെ സ്ഥാനാർത്ഥികളൊക്കെ തയ്യാറാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളെയും പ്രോത്സാഹിപ്പിക്കും. പാലക്കാട്ടെ കാര്യം അവിടത്തെ സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞിരിക്കുന്നത് സരിന്റെ അഭിപ്രായം കേട്ടതിനു ശേഷം തീരുമാനം പറയാമെന്നാണ്. സരിൻ ഇന്ന് അഭിപ്രായം പറയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം അഭിപ്രായം പറയട്ടെ, അത് കേട്ടതിനു ശേഷം പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ടി പി രാമകൃഷണൻ വ്യക്തമാക്കി. സരിനുമായി പാലക്കാട് ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും അതിന് ഉത്തരം പറയേണ്ടത് ജില്ലാ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കണ്ണൂരിലെ സിപിഐഎം നേതൃത്വമാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തിൽ അഭിപ്രായം പറയേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ച രീതി ശരിയല്ല എന്ന് പാർട്ടി ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version