Site icon Janayugom Online

പ്രധാനമന്ത്രിയുടെ പ്രസംഗം രാഷ്ട്രീയ കാപട്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

jayarajan

പ്രധാനമന്ത്രി നേരേന്ദ്രമോഡിയുടെ പ്രസംഗം രാഷ്ട്രീയ കാപട്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെത്തുമ്പോള്‍ ബിജെപിയും, കോണ്‍ഗ്രസും ഒരേ മനസും വികാരവുമായി നടക്കുന്നവരാണെന്ന് കൂടി അടിവരയിടുന്നതാണ് പ്രസംഗമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇ പി ജയരാജന്‍ പറഞ്ഞു.

സ്ത്രീ ജീവിതം മെച്ചപ്പെടുത്താൻ 10 കോടി ഗ്യാസ് കണക്ഷൻ നൽകിയതാണ് മോഡി പറഞ്ഞ ഒരു ഗ്യാരൻ്റി. ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തിക്കുമെന്നാണല്ലൊ വീട്ടമ്മമാർക്ക്‌ യഥാർഥത്തിൽ നൽകിയ ഗ്യാരന്റി. ഗ്യാസ് സബ്സിഡി നൽകിയില്ലെന്ന്‌ മാത്രമല്ല ഇരട്ടിയിലധികം വിലയാണ്‌ 10 വർഷത്തിനകം നൽകേണ്ടിവരുന്നത്‌. 50 രൂപക്ക് ഒരു ലിറ്റർപെട്രോൾ, സ്വിസ് ബാങ്കിൽ നിന്നും കള്ളപ്പണം പിടിച്ച് ഓരോ വ്യക്തിക്കും 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ ഇടും തുടങ്ങിയ ഗ്യാരന്റികൾ എവിടെ. സ്ത്രീ സംവരണ നിയമം പാസാക്കിയെന്ന് പറയുമ്പോൾ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന്‌ പറയാനാകുമോ. മുത്തലാക്കിന്റെ പേരിൽ മുസ്ളിം സ്ത്രീകളെ ചേർത്തു പിടിച്ചെന്ന് പറയുന്നു.

വിവാഹ മോചന തർക്കം ഇതര മതസ്ഥരുടെ കാര്യത്തിൽ സിവിൽ തർക്കമാണ്. മുസ്ളിങ്ങളുടെ കാര്യത്തിൽ മാത്രം അതെന്തിന് ക്രിമിനൽ കുറ്റമാക്കി. ഇത്‌ സ്‌ത്രീപക്ഷ നിലപാടിന്റേതല്ല, മുസ്ളിം വിരുദ്ധതയുടേതാണ്‌. കേരളത്തിൽ വന്ന്‌ സ്ത്രീ സംവരണത്തെ കുറിച്ച് പറയുന്ന മോഡി ഓർക്കണം. രാജ്യത്ത് ആദ്യമായി ത്രിതല ഭരണ സംവിധാനത്തിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന്. മോഡി വിരോധത്തിന്റെ പേരിൽ കേരളത്തിൽ കേന്ദ്ര വികസന പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നില്ല എന്നും അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു.

ഇത്തരം പച്ചക്കള്ളം ആവർത്തിക്കും മുമ്പ്‌ ഏത്‌ വികസന പദ്ധതിയാണ്‌ നടപ്പാക്കാത്തത് എന്ന്‌ പറയാൻ തയ്യാറാകണം. കെ സുരേന്ദ്രനെ പോലുള്ള ഏതെങ്കിലും ബിജെപി– ആർഎസ്‌സ്‌ നേതാവ്‌ എഴുതിക്കൊടുത്തത്‌ അപ്പടി വായിച്ച്‌ കേരളത്തെയും സംസ്ഥാന സർക്കാറിനെയും അപമാനിക്കാൻ നടത്തിയ ശ്രമം അപലപനീയമാണ്‌. സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്നത്‌ ബിജെപിയാണ്‌. അതിന്‌ പിന്നിൽ സ്വർണ്ണക്കടത്തുമായി അവർക്ക്‌ ബന്ധമാണ്‌ സൂചിപ്പിക്കുന്നത്‌. എന്നിട്ടും കേരളത്തിൽ വന്ന്‌ പ്രധാനമന്ത്രി രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെയാണ്‌ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നതെന്നും ഇ പി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: LDF con­ven­er says PM’s speech is polit­i­cal hypocrisy

You may also like this video:

Exit mobile version