Site icon Janayugom Online

അര്‍ഹരായവരെയെല്ലാം എൽഡിഎഫ് സർക്കാർ ഭൂമിയുടെ അവകാശികളാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

എൽഡിഎഫ് സർക്കാർ ഭൂപ്രശ്നങ്ങളിൽ ശരിയായ ഇടപെടൽ നടത്തി അർഹരായവരെ മുഴുവന്‍ ഭൂമിക്ക് അവകാശികളാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചെറ്റച്ചൽ പൊട്ടൻചിറയിൽ 20 വർഷമായി തുടരുന്ന ഭൂസമരം തീർപ്പാക്കി ഭൂമി വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാൽ അതിന് കഴിയാതെപോയ അനേകായിരം മനുഷ്യരുണ്ട്. ഇവരിലേറെ പങ്കും പാർശ്വവല്ക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയാണ്. ഭൂമിയും വീടുമടക്കം ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ എല്‍ഡിഎഫ് സർക്കാർ ഇവർക്കായി നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ലഭിച്ച ആനുകൂല്യങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ജീവിതത്തിൽ രക്ഷപ്പെടണമെന്ന മനോഭാവം വളർത്തിയെടുക്കണം. നടപടിക്രമങ്ങൾ പൂർത്തിയായി എല്ലാവർക്കും ഭൂമി കൈമാറുന്നതിന് അല്പസമയം കൂടി എടുക്കും. അതോടെ തിരുവനന്തപുരം ജില്ല ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത ജില്ലയായി മാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ചുവടു വയ്പ്പുകളിലൊന്നാണ് ചെറ്റച്ചലിലെ ആദിവാസികൾക്ക് കൈവശരേഖയുടെ വിതരണമെന്നും എല്ലാ പൗരന്മാരെയും ഭൂമിക്ക് ഉടമകളാക്കുക എന്നത് എൽഡിഎഫിന്റെ നയമാണെന്നും ചടങ്ങിൽ പങ്കെടുത്ത ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ചെറ്റച്ചൽ, പാങ്കാവ് എന്നീ പട്ടികവർഗ സങ്കേതങ്ങളിലെ 128 കുടുംബങ്ങൾക്കാണ് 73 ഏക്കർ ഭൂമി നൽകിയത്. ലാന്‍ഡ് ബാങ്ക് പദ്ധതിയിൽ പൂവച്ചൽ പഞ്ചായത്തിലെ ഒമ്പത് കുടുംബങ്ങൾക്കും ഭൂമി കൈമാറി. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡി കെ മുരളി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി കോമളം, ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എസ് ബാബുരാജ്, ജി മണികണ്ഠൻ, ടി സനൽകുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എൽ കൃഷ്ണകുമാരി, പട്ടിക വർഗ സംസ്ഥാന ഉപദേശക സമിതി അംഗം ബി വിദ്യാധരൻ കാണി, ചെറ്റച്ചൽ സഹദേവൻ, പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു.

Eng­lish Sumam­ry: LDF gov­ern­ment will make all deserv­ing peo­ple heirs of land: Min­is­ter K Radhakrishnan
You may also like this video

Exit mobile version