സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേല്‍ക്കൈ. എൽഡിഎഫ് 10 ഉം യുഡിഎഫ് ഒമ്പതും വാർഡുകളിൽ വിജയിച്ചു. ബിജെപിയുടെ ജയം ഒരു വാർഡിൽ മാത്രമാണ്. 10 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പതിമൂന്ന് പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്.
കാസർകോട് പട്ടാജെ വാർഡ് ബിജെപിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. വണ്ടൻമേട് പഞ്ചായത്തിലെ അച്ചൻകാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. മറ്റ് വാർഡുകൾ എൽഡിഎഫും യുഡിഎഫും നിലനിർത്തി.
പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി വാർഡ്, ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി, കോട്ടയം കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂർ, രാജകുമാരി പഞ്ചായത്തിലെ കുംഭപ്പാറ, തൃശൂര്‍ കൊണ്ടാഴി പഞ്ചായത്തിലെ മൂത്തേടത്ത്പടി, കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൗത്ത്, കാസര്‍കോട് കുമ്പള പഞ്ചായത്തിലെ പെർവാഡ്, മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ മൂന്നാംപടി, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലിലെ തോയമ്മൽ, കാസര്‍കോട് കള്ളാർ പഞ്ചായത്തിലെ ആടകം എന്നിവയാണ് എൽഡിഎഫ് നേടിയ വാർഡുകൾ.
മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്, കൊല്ലം ചവറ പഞ്ചായത്തിലെ കൊറ്റംകുളങ്ങര, മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം, കാസര്‍കോട് ബദിയഡുക്ക പഞ്ചായത്തിലെ പട്ടാജെ, കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ, എറണാകുളം ആലുവ മുനിസിപ്പൽ കൗൺസിലിലെ പുളിഞ്ചോട്, മലപ്പുറം മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കിഴക്കേതല എന്നീ വാര്‍ഡുകള്‍ യുഡിഎഫ് നേടി. കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിലെ ആലുംമൂട് ആണ് ബിജെപി നേടിയത്.
English Summary: LDF has upper hand in local by-elections
You may like this video also