കണക്കുകൂട്ടലുകൾക്കുമപ്പുറം ഇരമ്പിയാർത്ത ജനാവലി തീർത്ത ആവേശത്തിന്റെ അലമാലയായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ. കർഷകരും, കർഷകത്തൊഴിലാളികളും, അന്യസംസ്ഥാന തൊഴിലാളികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പതിനായിരങ്ങൾ ജനനേതാക്കളെ കാണാനും പുതിയ കേരളത്തിന്റെ പ്രതീക്ഷകൾ പങ്കുവക്കാനുമായി ഒഴുകി എത്തി.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിരുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ മൂന്നാം ദിവസ പര്യടനം. മമ്പാട്ടെ വാർത്താ സമ്മേളനത്തിന് ശേഷം മഞ്ചേരിയിലായിരുന്നു ആദ്യ സ്വീകരണം. ഉച്ചക്ക് ശേഷം മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം, തുടർന്ന് പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വളാഞ്ചേരിയിൽ സമാപിച്ചു. മഞ്ചേരിയിൽ അഡ്വ. കെ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറത്ത് പി ജംഷീറും പെരിന്തൽമണ്ണയിൽ എം എ അജകുമാറും വളാഞ്ചേരിയിൽ അഷറഫലി കാളിയത്തും അധ്യക്ഷരായി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ കൊല്ലം ജില്ലയില്‍ പര്യടനം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം ജില്ലിയില്‍ പ്രവേശിച്ചു. ഇന്നലെ ചാത്തന്നൂര്‍ മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. കൊട്ടിയത്ത് നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചാത്തന്നൂരിലെത്തിയ ജാഥയ്ക്ക് വമ്പിച്ച വരവേല്‍പ്പാണ് നല്‍കിയത്. സ്വീകരണ സമ്മേളനത്തില്‍ കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചടയമംഗലം മണ്ഡലത്തിലേക്ക് ജാഥ പ്രവേശിച്ചു. എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പ്രവേശിച്ച ജാഥയെ മന്ത്രി ജെ ചിഞ്ചു റാണി, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സിപിഐ (എം) ജില്ലാ സെക്രട്ടറി വി ജോയി തുടങ്ങിയവുകെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വര്‍ക്കലയില്‍ നടന്ന സ്വീകരണത്തില്‍ ബി എസ് ജോസും ചിറയിൻകീഴിൽ വി ശശി എംഎൽഎയിം അധ്യക്ഷരായി.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയ്ക്ക് എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൻ വരവേല്പ് നൽകി. മൂവാറ്റുപുഴയിലായിരുന്നു ഇന്നലെ ആദ്യ സ്വീകരണം. ബാന്റ് സെറ്റ് ഉള്‍പ്പെടെ വാദ്യമേളങ്ങളോടെയായിരുന്നു സ്വീകരണം. ജോളി പൊട്ടക്കൽ അധ്യക്ഷത വഹിച്ചു. പിറവത്ത് സ്വീകരണത്തില്‍ ജിൻസൻ വി പോളും കോലഞ്ചേരിയിൽ പി വി ശ്രീനിജിൻ എംഎൽഎയും അധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിലാണ് ജാഥ ഇന്നലെ സമാപിച്ചത്. രാജേഷ് കാവുങ്കൽ അധ്യക്ഷനായി.
ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇന്ന് ജാഥകള്‍ പര്യടനം നടത്തില്ല

