Site iconSite icon Janayugom Online

തദ്ദേശഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല നേട്ടം; നെടുമ്പാശേരിയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം.പത്തിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു.ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ജയിക്കാനായി. മുന്നണികള്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്.

നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലെ ജയിക്കാനായുള്ളൂ. നെടുമ്പാശ്ശേരി 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഡിഎഫിനും പഞ്ചായത്തിന്റെ ഭരണം നഷ്ടമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എസ് അര്‍ച്ചന വിജയിച്ചതോടെയാണ് ഭരണം പോയത്.

14-ാം വാര്‍ഡായ കല്‍പകയില്‍ 98 വോട്ടിനാണ് അര്‍ച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമായിരുന്നു രാജിയില്‍ കലാശിച്ചത്. 

തിരുവനന്തപുരം
1- മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ ബൈജു 151 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി രണ്ടാമതും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി.
2- ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 59 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഐ(എം)ലെ ശ്രീജലയാണ് വിജയിച്ചത്.
3‑പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍വിള വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 19 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി രജനി ഇവിടെ വിജയിച്ചത്. സിപിഐയിലെ ഷീബ രണ്ടാമതെത്തി.
4‑പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ(എം)ലെ ആര്‍ച്ച രാജേന്ദ്രന്‍ 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഡി.ദീപകിനെ പരാജയപ്പെടുത്തി. ബിജെപിയുടെ സിന്ധുവിന് 13 വോട്ടുകള്‍ ലഭിച്ചു.
കൊല്ലം
5‑ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി.എസ്.സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 58 വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപിയുടെ ഉദയന്‍ മൂന്നാമതായി.
പത്തനംതിട്ട
6- നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രമേഷ് എം.ആര്‍. 174 വോട്ടുകള്‍ക്ക് ബിജെപിയിലെ അമ്പിളിയെ പരാജയപ്പെടുത്തി. സ്വതന്ത്രനായിരുന്നു ഇവിടെ കഴിഞ്ഞ തവണ വിജയിച്ചത്.
ആലപ്പുഴ
7‑വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡില്‍ ബിജെപിക്ക് ജയം. സിപിഐ(എം) ന്റെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സുഭാഷ് ഒരു വോട്ടിനാണ് ജയിച്ചത്. സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐ(എം)ലെ ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ കിട്ടി. സിപിഐ(എം)വിമതനായി മത്സരിച്ച എം.ആര്‍.രഞ്ജിത്തിന് 179 വോട്ടുകള്‍ പിടിക്കാനായി.
ഇടുക്കി
8‑മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നടരാജന്‍ 35 വോട്ടുകള്‍ക്ക് സിപിഐ(എം)ലെ രാജ്കുമാറിനെയാണ് പരാജയപ്പെടുത്തിത്.
9‑മൂന്നാര്‍ പഞ്ചായത്തിലെ നടയാര്‍ വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ലക്ഷ്മി 59 വോട്ടുകള്‍ക്ക് സിപിഐയിലെ നവനീതത്തെയാണ് തോല്‍പ്പിച്ചത്.
എറണാകുളം
10-എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് സിപിഐ(എം)ല്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശാന്തി മുരളി 108 വോട്ടുകള്‍ക്ക് സിപിഐ(എം)ലെ പ്രിന്‍സി രാധാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.
11‑നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്‍പക നഗര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ(എം) അര്‍ച്ചന എന്‍എസ് 98 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശ്ശൂർ
12‑മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്ജയം.വി.എം.മനീഷ് 63 വോട്ടിന് ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തെത്തി
പാലക്കാട്
13‑ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ മുതുകാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ(എം)ലെ ആരോഗ്യസ്വാമി 369 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
14-എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ആന്റണി വിജയിച്ചു. 146 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജപമാലമേരിയെയാണ് പരാജയപ്പെടുത്തിയത്.
15‑പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോര്‍ത്തില്‍ സിപിഐ(എം)ന് വിജയം . എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. സി.കെ.അരവിന്ദാക്ഷന്‍ 31 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ മണികണ്ഠനെയാണ് പരാജയപ്പെടുത്തിയത്.
16‑തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. ലീഗിലെ കെ.ടി.എ.മജീദ് 470 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മലപ്പുറം
17-മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ നുഹ്‌മാന്‍ ശിബിലി 356 വോട്ടുകള്‍ക്ക് വിജയിച്ചു.
18,19- കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ട് സീറ്റുകളും ലീഗിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. വാര്‍ഡ് രണ്ട് ചൂണ്ടയില്‍ ലീഗിലെ നഷ്വ 171 വോട്ടുകള്‍ക്കും 14-ാം വാര്‍ഡ് ഈസ്റ്റ് വില്ലൂരില്‍ ലീഗിലെ ഷഹാന ഷെറിന്‍ 201 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.
കണ്ണൂര്‍
20- മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സിപിഐ(എം) ലെ എ.സി.നസിയത്ത് ബീവി 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസിലെ ഷീമീമ രണ്ടാമതും എസ്ഡിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമായി.
21- രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡില്‍ യുഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ലീഗിലെ മുഹമ്മദ് എംപി. 464 വോട്ടുകള്‍ക്ക് വിജയിച്ചു.
22- മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ മുഹ്‌സിന എസ്.എച്ച്. 444 വോട്ടുകള്‍ക്ക് വിജയിച്ചു.
23- മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപി. സ്ഥാനാര്‍ത്ഥി വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി എ. മധുസൂദനന്‍ 72 വോട്ടിന് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. 

Eng­lish Summary:
LDF wins in local by-elec­tions; UDF lost pow­er in Nedumbassery

You may also like this video:

Exit mobile version