Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പാര്‍ട്ടിവിടുന്നു

കോണ്‍ഗ്രസില്‍നിന്നും നേതാക്കള്‍ കൊഴിഞ്ഞുപോകുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പോരും നേതൃത്വത്തിന്‍റെ അഭാവവുമാണ് പാര്‍ട്ടി അണികളും, നേതാക്കളും പാര്‍ട്ടി വിട്ടു പോകുന്നതിന് പിന്നില്‍. ഉത്തരാഖണ്ഡിലെ മൂന്ന് പ്രമുഖ നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് രാജേന്ദ്ര പ്രസാദ് റതുരി, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കമലേഷ് രാമന്‍, സംസ്ഥാന സോഷ്യല്‍ മീഡിയ ഉപദേഷ്ടാവ് കുല്‍ദീപ് ചൗധരി എന്നിവരാണ് രാജിവച്ചത്.

മൂന്ന് പേരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മൂന്നുപേരെയും ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഉത്തരാഖണ്ഡില്‍ എഎപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകണമെന്ന് നേതാക്കളോട് സിസോദിയ അഭ്യര്‍ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസില്‍ പോര് രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ രാജിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക യോഗം ചേര്‍ന്നു. പ്രതിപക്ഷ നേതാവ് പ്രിതം സിങ്, ഖതിമ എംഎല്‍എ ഭുവന്‍ ചന്ദ്ര കപ്രി എന്നിവര്‍ മുന്‍ മന്ത്രി ഹരക് സിങ് റാവത്തിന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖമായ ഹരീഷ് റാവത്ത് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാ അഗാഡി സംഖ്യത്തിന് അധികാരം നഷ്ടമായതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത വെല്ലുവിളി നേരിടുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ വിള്ളലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷിയായ ജെഎംഎം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 

ഭരണകക്ഷിയിലെ രണ്ടു പാര്‍ട്ടികള്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ജാര്‍ഖണ്ഡിലുള്ളത്.ഗോവയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും താല്‍ക്കാലികമായി പരിഹാരം കണ്ടിരിക്കുകയാണ് നേതൃത്വം. ഗുജറാത്തിലും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുകയാണ്. ദേശീയ നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവര്‍ കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു എങ്കിലും ആനന്ദ് ശര്‍മ നിഷേധിച്ചു.

Eng­lish Sum­ma­ry: Lead­ers leave Con­gress in Uttarakhand

You may also like this video:

Exit mobile version