Site iconSite icon Janayugom Online

കോണ്‍ഗ്രസിന്‍റെ  വികസനവിരുദ്ധതയും,മൃദുഹിന്ദുത്വവും തുറന്നു  പറഞ്ഞ്   നേതാക്കള്‍ 

തൃക്കാക്കരയിൽ വികസനം ചർച്ചചെയ്യാൻ കോൺഗ്രസ്‌ തയ്യാറുണ്ടോയെന്ന്‌ വെല്ലുവിളിച്ച്‌ മുൻ നേതാക്കൾ. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ വികസനപ്രവർത്തനങ്ങളെ അന്ധമായി എതിർക്കുന്നത്‌ നാടിന്‌ ഗുണമല്ലെന്നും മതേതര കാഴ്‌ചപ്പാട്‌ നഷ്ടമായ കോൺഗ്രസ്‌ സംഘപരിവാറിന്റെ ദല്ലാളായെന്നും നേതാക്കൾ ആരോപിച്ചു.  പ്രൊഫ. കെ വി തോമസ്‌, കെ പി അനിൽകുമാർ, ജി രതികുമാർ,ഷെരീഫ്‌ മരയ്‌ക്കാർ,  എ ബി സാബു, എം ബി മുരളീധരൻ എന്നിവരാണ്‌ കോൺഗ്രസിന്റെ വികസന വിരുദ്ധ, മൃദുഹിന്ദുത്വ നിലപാടിനെതിരെ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്‌.

അസ്വസ്ഥതയുടെ കൂടാരമായ  കോൺഗ്രസിൽ ആധിപത്യത്തിനുവേണ്ടി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഏറ്റുമുട്ടുകയാണ്‌. ഏകാധിപത്യ ശൈലിയിലാണ്‌ നേതാക്കൾ പ്രവർത്തിക്കുന്നത്‌. ആറു വർഷം വലിയ വെല്ലുവിളികൾ നേരിട്ടാണ്‌ എൽഡിഎഫ്‌ സർക്കാർ ജനങ്ങളെ സംരക്ഷിച്ചത്‌. നിപയും പ്രളയവും കോവിഡും  പ്രതിസന്ധിയിലാക്കിയിട്ടും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നേറി. പാരമ്പര്യ രാഷ്‌ട്രീയത്തെ എതിർത്തയാളാണ്‌ പി ടി തോമസ്‌. ഇക്കാര്യം തൃക്കാക്കരയിൽ കോൺഗ്രസ്‌ വിശദീകരിക്കുമോ. സംഘടനാ പ്രവർത്തന പാരമ്പര്യമില്ലാത്തയാളെ ചർച്ച നടത്താതെയാണ്‌ സ്ഥാനാർഥിയാക്കിയത്‌. അഞ്ചു വർഷം സംഘടനാ പ്രവർത്തനം നടത്തിയവരെയാകണം പരിഗണിക്കേണ്ടതെന്ന ചിന്തൻ ബൈഠക്ക്‌ തീരുമാനം നടപ്പാക്കിയോ. എൽഡിഎഫിനെ രാഷ്‌ട്രീയമായി നേരിടാൻ യുഡിഎഫിന്‌ കഴിയില്ല.

സഹതാപം മാത്രമാണ്‌ പരീക്ഷിക്കുന്നത്‌. കോൺഗ്രസ്‌ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട സോളാർ കേസിലെ സിബിഐ അന്വേഷണവും കോടികളുടെ അഴിമതി നടന്ന പാലാരിവട്ടം പാലം കേസും തൃക്കാക്കരയിലെ ജനങ്ങൾ വിലയിരുത്തുമെന്നും നേതാക്കൾ പറഞ്ഞു. എൽഡിഎഫ്‌ സർക്കാരിനെ അന്ധമായി എതിർക്കുന്നത്‌ കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന്‌ പ്രൊഫ. കെ വി തോമസ്‌ പറഞ്ഞു. അഭിപ്രായം പറയുന്നതിന്‌ പകരം തെറിവിളി മാത്രമാണ്‌ കോൺഗ്രസ്‌ നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കേരള വികസനം, കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ എന്നിവയിൽ കോൺഗ്രസിന്‌ വ്യക്തമായ കാഴ്‌ചപ്പാടില്ല. കേന്ദ്ര സർക്കാരിന്റെ എതിർപ്പ്‌ നേരിട്ട്‌ പേപ്പർ മിൽ ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ഉമ്മൻചാണ്ടി അനുകൂലിച്ചു. വികസനകാര്യത്തിലും ജനക്ഷേമ പദ്ധതികളിലും രാഷ്‌ട്രീയ വ്യത്യാസം മറന്ന്‌ ഒരുമിച്ച്‌ നിൽക്കണം.  അഞ്ചു വർഷത്തിനിടെ 63 പ്രമുഖ ദേശീയ നേതാക്കൾ കോൺഗ്രസ്‌ വിട്ടു. എന്തുകൊണ്ടാണിത്‌.കോൺഗ്രസിന്‌ പുതിയ മുഖം നൽകാൻ ചുമതലയേറ്റ പ്രശാന്ത്‌ കിഷോറും കൈയൊഴിഞ്ഞു. ബിജെപിക്കെതിരായ പടയോട്ടത്തിൽ മുന്നിൽ നിൽക്കേണ്ട കോൺഗ്രസ്‌ താഴേക്കുപോകുന്നു.   നെഹ്‌റുവിന്റെ പാരമ്പര്യം കൈവിട്ടു.

എഐസിസി അംഗമായ എന്നെ പുറത്താക്കാൻ കെപിസിസി പ്രസിഡന്റിന്‌ കഴിയില്ല. കെ റെയിൽ, വാട്ടർ മെട്രോ, കൊച്ചി മെട്രോ എന്നിവ സംഗമിക്കുന്ന തൃക്കാക്കരഫലം കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിൽ മാറ്റംവരുത്തുമെന്നും കെ വി തോമസ്‌ പറഞ്ഞു.ദേശീയതലത്തിൽ പ്രസക്തി നഷ്‌ടപ്പെട്ട കോൺഗ്രസ്‌, തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലത്തോടെ കേരളത്തിലും ഇല്ലാതാകുമെന്ന്‌ കെപിസിസി സംഘടനാ ചുമതല വഹിച്ചിരുന്ന മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ.  കോൺഗ്രസിൽനിന്ന്‌ ബിജെപിയിലെത്തിയാൽ നേതാക്കൾ  പ്രതികരിക്കില്ല,

അവർക്ക്‌ സന്തോഷമാണ്‌. സംഘപരിവാരത്തിന്റെ ഏജന്റുമാരാണ്‌ കോൺഗ്രസ്‌ നേതാക്കൾ. ഹിന്ദു പ്രധാനമന്ത്രി വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട്‌ മുസ്ലിംലീഗ്‌ പ്രതികരിച്ചിട്ടില്ല. സംഘപരിവാർ പാളയത്തിലേക്ക്‌ പോകാതെ മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തേക്ക്‌ വന്നപ്പോൾ പരിഹാസവും തെറിവിളിയുമാണ്‌.ആളുകളെ തെറിവിളിക്കുന്ന സംസ്‌കാരം കോൺഗ്രസ്‌ എന്നാണ്‌ തുടങ്ങിത്‌.  ആത്മാഭിമാനമുള്ളവർക്ക്‌ കോൺഗ്രസിൽ നിൽക്കാനാകില്ല. ദേശീയ നേതാക്കളുടെ പെട്ടിയെടുപ്പുകാർക്ക്‌ മാത്രമാണ്‌  പരിഗണനയെന്നും അനിൽകുമാർ പറഞ്ഞു.

Eng­lish Summary:
Lead­ers open­ly speak out against the anti-devel­op­ment and soft Hin­dut­va of the Congress

You may also like this video:

Exit mobile version