Site iconSite icon Janayugom Online

നേതൃത്വം തുറന്ന പുസ്തകമാകണം

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെതിരെ അനധികൃത സ്വത്തുസമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അദ്ദേഹത്തിന്റെ മുൻ ഡ്രൈവറും കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് സെൽ പ്രാഥമികമായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 16 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് അടുത്ത അനുയായിയായിരുന്ന പ്രശാന്ത് ബാബു 2021ൽ പരാതി നൽകിയത്. കെ കരുണാകരൻ സ്മാരകമെന്ന പേരിൽ ചിറയ്ക്കൽ രാജാസ് ഹൈസ്കൂൾ ഏറ്റെടുക്കാൻ കെ സുധാകരന്റെ നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിക്കുകയും വിദേശത്തുനിന്നടക്കം 16 കോടി പിരിച്ചെടുത്ത് തട്ടിപ്പുനടത്തി എന്നുമാണ് ആരോപണം. പലരിൽ നിന്നും വൻതുകയടക്കം പണം വാങ്ങുന്നതിന് താൻ ദൃക്സാക്ഷിയായിരുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. മോൻസൻ മാവുങ്കൽ നടത്തിയ തട്ടിപ്പുകേസിൽ നിലവിൽ രണ്ടാം പ്രതിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനാൽ റിമാൻഡ് ഒഴിവായി. ഈ നാണക്കേടിൽനിന്ന് എങ്ങനെ തടിയൂരുമെന്ന ചിന്തയിൽ കോൺഗ്രസ്- യുഡിഎഫ് നേതാക്കൾ തലപുകയ്ക്കുമ്പോഴാണ് ഇരുട്ടടിയായി വിജിലൻസ് അന്വഷണവും.


ഇതുകൂടി വായിക്കൂ: പരസ്പരം വാരിക്കുഴികള്‍ തീര്‍ത്ത് കോണ്‍ഗ്രസ്


അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയപ്പോഴും മോൻസൺ മാവുങ്കൽ ഒറ്റച്ചങ്ങാതിയെന്ന് ആവർത്തിക്കുയായിരുന്നു കെപിസിസി പ്രസിഡന്റ്. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കൃത്യമായ തെളിവുകൾ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകളാണ് പക്കലുളളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടക്കംമുതൽ സുധാകരൻ പറഞ്ഞ കള്ളങ്ങൾ തന്നെയാണ് അദ്ദേഹത്തെ തിരിഞ്ഞുകൊത്തിയത്. ഒരു തവണ മാത്രമേ മോൻസന്റെ വീട്ടിൽ പോയിട്ടുള്ളൂവെന്നു പറഞ്ഞ സുധാകരന്, ഡിജിറ്റൽ തെളിവുകളും പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികളും ചേർത്തുനിരത്തിയപ്പോൾ 12 തവണ പോയിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ, ഫോൺ സംഭാഷണങ്ങളുടെയും ശബ്ദസന്ദേശങ്ങളുടെയും റെക്കോഡുകൾ, തുടർച്ചയായ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇവയെല്ലാം നിരത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ കെപിസിസി പ്രസിഡന്റിന് പിടിച്ചുനിൽക്കാനായില്ല. പ്രധാന സാക്ഷികൾ മോൻസന്റെ ജീവനക്കാരായിരുന്നു.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതിയിലേക്ക്


മോൻസന്‍ പെൺകുട്ടികളെ പീഡിപ്പിച്ച കാലഗണനകളിലും സുധാകരൻ ആ വീട്ടിലെ സന്ദർശകനായിരുന്നെന്ന് മൊഴിയുണ്ട്. പീഡനക്കേസിൽ പെരുമ്പാവൂർ കോടതിയിൽ പെൺകുട്ടി കൊടുത്ത മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവന്ന വിവരം. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരാൾക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്ത് എങ്ങനെ എത്രനാൾ തുടരാനാകുമെന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്. രാഷ്ട്രീയ നേതാക്കൾ പാലിക്കേണ്ട ധാർമ്മികതയാണ് സുധാകരൻ വീണ്ടും ഓർമ്മിപ്പിക്കുന്നത്. സമ്പത്തിന്റെയോ വോട്ടിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ പലരുമായും ഇടപെടലുണ്ടാകുമ്പോൾ രണ്ടുവട്ടം വിചിന്തനം അനിവാര്യമാണ്. വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ മറച്ചുവയ്ക്കാനും ഉരുണ്ടുകളിക്കാനും നിന്ന് കൂടുതൽ അപഹാസ്യരാകാനും നിൽക്കരുത്. കാരണം രാഷ്ട്രീയ നേതാക്കളുടെ ജീവിതം പൊതുസമൂഹത്തിന് മുമ്പിൽ വിചാരണാവിധേയമാണ്.

Exit mobile version