Site iconSite icon Janayugom Online

കെപിസിസി സെക്രട്ടറിമാരുടെ നിയമനവുമായി നേതൃത്വം; ലിസ്റ്റ് നല്‍കാതെ ഗ്രൂപ്പുകള്‍

കെപിസിസി, ഡിസിസി ഉള്‍പ്പെടെ പുനസംഘടനാതീരുമാനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ മുന്നോട്ട് പോകുമ്പോള്‍ നിസ്സഹരണവുമായി രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും തങ്ങളുടെ നിലപാടിലുറച്ച് നില്‍ക്കുകയാണ്. അനുനയത്തിന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. 

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടതില്ലെന്ന നിലപാട് തന്നെയാണ് അവർ ഇപ്പോഴും സ്വീകരിക്കുന്നത്.എന്നാല്‍ എ ഐസിസിയുടെ പിന്തുണയോടെ നിലവിലെ നേതൃത്വം മുന്‍ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പുനഃസംഘടന നീക്കങ്ങളുടെ കാര്യത്തില്‍ തങ്ങളെ പൂർണ്ണമായും ഇരുട്ടില്‍ നിർത്തുന്നുവെന്ന ആരോപണവും പരാതികളുമായി ഗ്രൂപ്പുകള്‍ വീണ്ടും രംഗത്ത് എത്തി.

ഡല്‍ഹിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ദേശീയ നേതാക്കളുമായി പുനഃസംഘടനയെ കുറിച്ച് ആശയ വിനിമയം നടത്തുന്നുണ്ട്. കെപിസിസി സെക്രട്ടറിമാർക്ക് പുറമെ, ഡിസിസി ഭാരവാഹികളുടെ നിയമനവും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവുമായി കെപിസിസി അധ്യക്ഷന്‍ ദീർഘമായ ആശയ വിനിമയം നടത്തിയിരുന്നു. 

അനുനയ നീക്കങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ സമീപിച്ചെങ്കിലും പട്ടിക സംബന്ധിച്ച നിർദേശങ്ങള്‍ നല്‍കാന്‍ ഇരുവരും തയ്യാറായില്ല.നേതൃത്വം ഔദ്യോഗികമായി പട്ടിക ആവശ്യപ്പെട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം.ഡിസിസിയുടെ പുനഃസംഘടന സംബന്ധിച്ച മാനദണ്ഡവും നേതൃത്വം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച നിലപാട് നേതൃത്വം പരസ്യമാക്കണമെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നു.

പുനഃസംഘടനയ്ക്കെതിരെ രണ്ട് തവണ ഉമ്മന്‍ചാണ്ടി നേരിട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തമായ നിലപാട് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. സംഘടന തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായുള്ള അംഗത്വ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടം കഴിഞ്ഞെങ്കിലും അംഗത്വ ബുക്കുകള്‍ ഇതുവരെ താഴെതട്ടിലേക്ക് എത്തിച്ചില്ലെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്.

40 പുതിയ സെക്രട്ടറിമാരെ നിയമിക്കാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്. യുവാക്കളായ ജനകീയരായ നേതാക്കളേയാണ് ആലോചിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്ന ചുമതലയായിരിക്കും ഇവർക്ക് ഉണ്ടാകുക. എന്നാൽ ഇവർ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കില്ല. 40 ല്‍ എത്ര പേരെ തങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളുമെന്നാണ് ഗ്രുപ്പുകള്‍ നോക്കുന്നത്.

Eng­lish Sum­ma­ry: Lead­er­ship with the appoint­ment of KPCC sec­re­taries; Groups not will­ing to give lists

you may also like this video:

Exit mobile version