Site icon Janayugom Online

യുഡിഎഫ്‌ പരിപാടിയിൽ ലീഗ്‌ പതാകക്ക്‌ വിലക്ക്‌; പ്രതികരിക്കാനാകാതെ ലീഗ്‌ നേതൃത്വം

കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ്‌ പരിപാടിയിൽ മുഖ്യ ഘടകക്ഷിയായ മുസ്ലിംലീഗിന്റെ പതാകക്ക്‌ കോൺഗ്രസ്‌ നേതാവ്‌ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാതെ ലീഗ്‌ നേതൃത്വം. നേതാക്കളുടെ മൗനത്തെ പരിഹസിച്ചും കോൺഗ്രസിനെതിരെ പ്രതിഷേധിച്ചും സമൂഹമാധ്യമങ്ങളിൽ ലീഗ്‌ അനുഭാവികൾ രംഗത്തെത്തി. സ്വന്തം കൊടിയെ അപമാനിച്ചിട്ടും നേതാക്കൾ മിണ്ടാത്തത്‌ കോൺഗ്രസിനോടുള്ള അടിമത്തമാണെന്നാണ്‌ ലീഗ്‌ പ്രവർത്തകരുടെ വികാരം. ആറ്റിപ്രയിൽ ആർഎസ്‌പിയുടെ ഉൾപ്പെടെ കൊടി കെട്ടിയിട്ടും മുസ്ലിംലീഗിന്റേത്‌ കെട്ടാൻ സമ്മതിച്ചില്ല.

യുഡിഎഫ്‌ സംഘടിപ്പിച്ച ധർണയ്‌ക്കിടെ ലീഗ്‌ കൊടി എടുത്തെറിയുകയാണ് കോൺഗ്രസ്‌ നേതാവ് ചെയ്തത്. കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ്‌ സനൽ എന്ന ഗോപാലകൃഷ്‌ണനാണ്‌ കൊടി എടുത്തെറിയുകയും ലീഗ്‌ പ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തത്‌. സംഭവത്തെ തുടർന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ കോൺഗ്രസിന്‌ പരാതി നൽകി. ലീഗിന്റെ കൊടി യുഡിഎഫ്‌ പരിപാടിയിൽ കെട്ടാൻ സമ്മതിക്കില്ല, വേണമെങ്കിൽ പാകിസ്ഥാനിലോ മലപ്പുറത്തോ കൊണ്ട്‌ കെട്ടിക്കോ– എന്നുപറഞ്ഞ് വലിച്ചെറിയുകയായിരുന്നുവെന്ന് വെമ്പായം നസീർ പരാതിയിൽ പറയുന്നു.

താനും പ്രവർത്തകരും ചേർന്ന്‌ കൊടികെട്ടാൻ ശ്രമിക്കുമ്പോൾ ഗോപാലകൃഷ്‌ണൻ ഓടിയെത്തി കൊടി എടുത്തെറിഞ്ഞതായി വെമ്പായം നസീർ പറഞ്ഞു. യുഡിഎഫിന്റെ ഘടകകഷി ബിജെപിയാണോ എന്നാണ്‌ വെമ്പായം നസീറിന്റെ ചോദ്യം. വെമ്പായം നസീർ മുസ്ലിംലീഗുകാരനാണോ എന്നത്‌ അറിയില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടിയിലും ലീഗ്‌ കൊടി വിലക്കിയിരുന്നു. ദൃശ്യങ്ങളിൽ പച്ചക്കൊടി കണ്ടാൽ പാകിസ്ഥാൻ പതാകയാണെന്ന പ്രചാരമുണ്ടാവും എന്നുപറഞ്ഞ്‌ ലീ​ഗ് കൊടി അഴിപ്പിക്കുകയായിരുന്നു. അന്നും മുസ്ലിംലീഗ്‌ നേതൃത്വം പ്രതികരിച്ചില്ല.

Eng­lish Sum­ma­ry: League flag banned at UDF event; The league lead­er­ship failed to respond

You may also like this video:

Exit mobile version