Site icon Janayugom Online

ചര്‍ച്ചകളേയും ചോദ്യങ്ങളേയും ഭയപ്പെടുന്ന ലീഗ് നേതൃത്വം

fathima

ക്യ ജനാധിപത്യ മുന്നണിയിലെ (യുഡിഎഫ്) രണ്ടാമത്തെ കക്ഷിയും മുന്നണിയുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുപോരുന്നതുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ (ഐയുഎംഎല്‍) അടുത്തകാലത്തായി ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പൊതുസമൂഹം ഗൗരവത്തോടെയാണ് നിരീക്ഷിച്ചുവരുന്നത്. വിവാദങ്ങളില്‍ ഒന്നാമത്തേത് മുസ്‌ലിം ലീഗും അതിന്റെ അനിഷേധ്യമെന്ന് അടുത്തകാലംവരെ കരുതപ്പെട്ട നേതൃത്വവും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ്. അതില്‍ അഴിമതിയും കള്ളപ്പണവും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന ആരോപണം സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കാംക്ഷിക്കുന്ന പൊതുജനങ്ങളെ സംബന്ധിച്ച് ഉല്‍ക്കണ്ഠാജനകമാണ്. മറ്റൊരു വിവാദമാകട്ടെ ആ പാര്‍ട്ടിയുടെ സ്ത്രീകളോടും പാര്‍ട്ടിയിലെ തന്നെ വനിതാ പ്രവര്‍ത്തകരോടുമുള്ള സമീപനം സംബന്ധിച്ചതാണ്. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതും അവരെ ലൈംഗിക ചുവയോടുകൂടി അധിക്ഷേപിക്കുന്നതും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടി നേതൃത്വം വനിത പ്രവര്‍ത്തകരെ കയ്യൊഴിയുന്നതും പ്രാകൃത പുരുഷാധിപത്യ പ്രവണതകളെ സംരക്ഷിക്കുന്ന നിലപാട് അവലംബിക്കുന്നു എന്നതും അപലപനീയമാണ്.

മേല്‍പ്പറഞ്ഞ വിവാദങ്ങളില്‍ എല്ലാം ആരോപണ വിധേയരായവര്‍ മുസ്‌ലിം ലീഗിന്റെയും അതിന്റെ പോഷക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃസ്ഥാനം കയ്യാളുന്നവരാണ്. അടുത്ത നാളുകള്‍ വരെ ആരും ചോദ്യംചെയ്യാന്‍ മുതിരാത്തത്ര ഔന്നത്യവും ഔദ്ധത്യവും അപ്രമാദിത്വവും ആസ്വദിച്ചുപോന്നിരുന്നവര്‍ക്ക് എതിരെയാണ് പരസ്യമായ വിമര്‍ശനവും ചോദ്യങ്ങളും ഉയരുന്നത്. അത് നല്കുന്ന സൂചന മുസ്‌ലിം ലീഗ് സംഘടനയുടെ കെട്ടുറപ്പിനും നേതൃത്വത്തിന്റെ അപ്രതിരോധ്യതയ്ക്കും ഗണ്യമായ തോതില്‍ ക്ഷതമേറ്റിരിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. മുസ്‌ലിം ലീഗ് മുഖപത്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ അ­ഴിമതി പണം എത്തിയെന്നും അത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട പണമാണെന്നും ആ­രോപണം ഉയര്‍ന്നു. കേ­­­രളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമല്ല, മറിച്ച് മുസ്‌ലിം ലീഗ് ഉന്നത നേതൃത്വത്തില്‍ നിന്നുതന്നെയാണ് അതെന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ‘മിംബര്‍’‍ എന്നു വിശേഷിപ്പിക്കാവുന്ന പാണക്കാട് തറവാട്ടില്‍ നിന്നുതന്നെ ആ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ന്നു എന്നത് അവഗണിക്കാവുന്നതല്ല.

തിരൂരങ്ങാടി എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണ സ്രോതസും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക ആ­രോപണങ്ങള്‍ കത്തിക്കാളി നില്‍ക്കെയാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധതക്കെതിരെ ലീഗിലെ തന്നെ യുവവനിതാ പോരാളികള്‍ പാളയത്തില്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷ(എംഎസ്എഫ്)ന്റെ വനിതാ വിഭാഗം ‘ഹരിത’യുടെ നേതാക്കള്‍ ഉയര്‍ത്തിയ പരാതി അന്വേഷിക്കാന്‍ പോലും മെനക്കെടാതെ സംഘടനാ പ്രവര്‍ത്തനം അപ്പാടെ മരവിപ്പിക്കാനാണ് ലീഗ് നേതൃത്വം മുതിര്‍ന്നത്. അതിനെ തുറന്ന് അപലപിക്കാന്‍ ലീഗ് നേതൃനിരയിലെ ആരും മുന്നോട്ടുവന്നില്ലെന്നു മാത്രമല്ല ആ നടപടിയെ പരസ്യമായി ന്യായീകരിക്കാന്‍‍ വനിതാ ലീഗ് നേതൃത്വം രംഗത്തുവന്നു.

ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ ന്യായീകരിച്ച് രംഗത്തുവന്ന വനിതാ ലീഗ് നേതാവ് അറിഞ്ഞോ അറിയാതെയോ ലീഗിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി നടത്തിയ പരാമര്‍ശം ചിന്തോദ്ദീപകമാണ്. ലീഗിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയായിരുന്നു അവരുടെ വാക്കുകള്‍. ലോകമാകെ താലിബാനെയും ശരിയ നിയമത്തെയും പറ്റി ചര്‍ച്ചചെയ്യുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളത്തില്‍ മുസ്‌ലിം ലീഗും അവരുടെ സാമ്പത്തിക മാനേജ്മെന്റും, പാര്‍ട്ടി അണികളിലും നേതൃത്വത്തിലുമുള്ള സ്ത്രീകളോടുള്ള സമീപനവും വിവാദമാകുന്നത് എന്നത് യാദൃച്ഛികമാകാം. എന്നാല്‍ അത് ലീഗ് നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധവും യാഥാസ്ഥിതികവുമായ നയസമീപനങ്ങളെ വിലയിരുത്താന്‍ ആ പാര്‍ട്ടിക്കും സമുദായത്തിനും, വിശേഷിച്ചും സമൂഹത്തിനു പൊതുവിലും അവസരം നല്കുന്നു. അത്തരമൊരു തുറന്ന ചര്‍ച്ചയേയും നയസമീപന വ്യതിയാനത്തെയും ലീഗ് നേതൃത്വം ഭയപ്പെടുന്നുവെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Exit mobile version