Site iconSite icon Janayugom Online

ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കായി ലീഗൊരുങ്ങുന്നു

വിരമിച്ച മുൻ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരു ലീഗ് ആരംഭിക്കാന്‍ ബിസിസിഐ. ഇപ്പോള്‍ ലോകത്ത് മുൻ ക്രിക്കറ്റ് ഇതിഹാസങ്ങളെ ഉള്‍പ്പെടുത്തി നിരവധി ലീഗുകള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ബിസിസിഐയും തുടങ്ങണം എന്ന് മുൻ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു‌. ആവശ്യം ബിസിസിഐ പരിഗണിക്കുകയാണ്‌. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയില്‍ ഒരു ടൂർണമെന്റാണ് ലക്ഷ്യം. നിലവില്‍ വിരമിച്ച മുന്‍ ക്രിക്കറ്റര്‍മാര്‍ക്കായി പല ടൂര്‍ണമെന്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. റോഡ് സേഫ്റ്റി ലോക സീരീസ്, ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ്, ഗ്ലോബല്‍ ലെജന്റ്‌സ് ലീഗ് എന്നിവയെല്ലാം സാമ്പത്തികമായി വലിയ ലാഭം ഉണ്ടാക്കുന്നുമുണ്ട്. 2025ലേക്ക് ഈ ലീഗ് യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷ. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിരമിച്ച ക്രിക്കറ്റര്‍മാരായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വെറ്ററന്‍മാരുടെ ലീഗുകള്‍ ഫ്രാഞ്ചൈസി രീതിയിലുള്ളതല്ല. മറിച്ച്‌ ഓരോ രാജ്യത്തെയും മുന്‍ ഇതിഹാസങ്ങള്‍ അവരുടെ സ്വന്തം ടീമിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. പക്ഷെ ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ മുന്‍ ഇതിഹാസങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐയുടെ ആലോചന. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ലോക ക്രിക്കറ്റിലെ മുന്‍ ഇതിഹാസങ്ങളെയെല്ലാം വീണ്ടും കളിക്കളത്തില്‍ കാണാന്‍ സാധിക്കും. ഐപിഎല്‍ പോലെ തന്നെ ഹോം, എവേ രീതിയില്‍ തന്നെയായിരിക്കും മല്‍സരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചവര്‍ക്കു മാത്രമേ ഈ ലീഗില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. 

Eng­lish sum­ma­ry ; League ready for crick­et legends
You may also like this video

Exit mobile version