Site iconSite icon Janayugom Online

കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ചോര്‍ച്ച

കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ചേര്‍ച്ച, ഉത്തര കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. സുരക്ഷ മുൻനിർത്തി ഇന്നലെ രാവിലെ മുതൽ വൈദ്യുതോല്പാദനം നിർത്തിവച്ചിരിക്കുകയാണ്. ആഭ്യന്തര വൈദ്യുതോല്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച വരെ ഉത്തര കേരളത്തിന്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു. 

നാളെ വൈകിട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോല്പാദനം പുനഃസ്ഥാപിക്കാനാണ് ശ്രമം. ഉല്പാദനത്തിലെ കുറവ് പരിഹരിക്കാൻ കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും വൈകുന്നേരം ആറ് മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിദിന വൈദ്യുതോപയോഗം നൂറ് ദശലക്ഷത്തിന് മുകളിലായിരുന്നു. ഭേദപ്പെട്ട നിലയിൽ വേനൽ മഴ ലഭിക്കുന്നതാണ് വൈദ്യുത ഉപയോഗം മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറച്ചത്. 

ഈ മാസം സംസ്ഥാനത്ത് പീക്ക് അവറിൽ ശരാശരി 5,070 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വന്നിരുന്നു. കഴിഞ്ഞ ദിവസം 101.0305 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വന്നത്. ഇതിൽ 75.65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്നാണ് എത്തിച്ചത്. 25.3804 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉല്പാദനം.

Exit mobile version