താജ് മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തി. 73 മീറ്റർ ഉയരത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായത്. താഴികക്കുടത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മർദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ചോർച്ചയെ തുടർന്ന് നടത്തിയ തെർമൽ സ്കാനിങ്ങിലാണ് വിള്ളൽ കണ്ടെത്തിയത്.
അടുത്ത രണ്ടാഴ്ച കൂടുതൽ വിദഗ്ധ പരിശോധന നടത്തും. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു. ചോർച്ച പൂർണമായി പരിഹരിക്കാൻ ആറു മാസം വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

