Site iconSite icon Janayugom Online

പ്ലസ് ടുവിനൊപ്പം ലേണേഴ്‌സെടുക്കാം; പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഹയര്‍ സെക്കന്‍ഡറി പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാല്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തും.18 വയസ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം.

18 വയസിന് ശേഷം മാത്രമാണ് ലേണേഴ്‌സ് ലൈസന്‍സും നല്‍കുക. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു പരീക്ഷക്കൊപ്പം ലേണേഴ്സ് ലൈസന്‍സ് കൂടി ഉള്‍പ്പെടുത്താമെന്നാണ് തീരുമാനം.അതായത് പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. 

പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല. വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കുന്ന മുറയ്ക്കാണ് നിയമത്തില്‍ ഭേദഗതി വരുത്തുക.വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്.

ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്‍മാരാവുകയും ചെയ്യും എന്നതാണ് മറ്റൊന്ന്.ഇതിനാവശ്യമായ കരിക്കുലം ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയത്. ഇത് ഗതാഗതമന്ത്രി ആന്റണി രാജു ഈ 28ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Eng­lish Summary:Learners can take Plus Two; Depart­ment of Motor Vehi­cles with the project

You may also like this video:

Exit mobile version