Site iconSite icon Janayugom Online

എംടി എന്ന പ്രഭാഷകന്‍, പ്രബന്ധകാരന്‍

MT VasudevanMT Vasudevan

മുഖവുരയായ് തന്നെ പറയട്ടെ, എംടി വാസുദേവന്‍ നായര്‍ എന്ന അസാധാരണ പ്രതിഭയുടെ സമഗ്ര സംഭാവനകളെ മൂല്യനിര്‍ണയം നടത്തുവാനുള്ള ഒരു ശ്രമമല്ല ഈ കുറിപ്പ്. എംടിയുടെ നോവലുകളുടെയും കഥകളുടെയും തിരക്കഥകളുടെയും മറ്റും സാഹിത്യസൃഷ്ടികളുടെയും യശോധാവള്യത്തില്‍ പലരും പറയാതെ പോവുന്ന എംടി എന്ന പ്രബന്ധകാരന്റെ, പ്രഭാഷകന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുക എന്നതു മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ആസ്വാദകന്റെ വീക്ഷണത്തില്‍ നിന്ന് എംടി എന്ന കഥാകാരന്‍ എന്നും പറഞ്ഞത് സാധാരണ മനുഷ്യരുടെ കഥകളാണ്. വീരനായകന്മാരോ രാജകുമാരിമാരോ അല്ലാത്ത “നിനക്കും സ്വപ്നങ്ങളുണ്ടാവുമെന്ന് കരുതി” എന്നു പറയുന്ന ജ്യേഷ്ഠനോട് “അതിനും ഭാഗ്യം വേണ്ടേ ഏട്ടാ” എന്ന് ചോദിക്കുന്ന പെങ്ങളുടെ കഥകള്‍. മനസില്‍ ഇരമ്പുന്ന കടലുകളെയും പുറത്ത് ചീറിയടിക്കുന്ന കൊടുങ്കാറ്റിനെയും ഒരുമിച്ച് നേരിടാന്‍ വിധിക്കപ്പെട്ട സാധാരണ മനുഷ്യര്‍. അവരുടെ ജീവിതങ്ങളാണ് എംടിയുടെ കഥകളായത്. അപ്പുണ്ണിയും സേതുവും സുമിത്രയും ഭ്രാന്തന്‍ വേലായുധനും കുട്ട്യേടത്തിയും ബുദ്ദുവും വിമലയും സര്‍ദാര്‍ജിയും ഉണ്ണിയും ഒരിക്കലും തിരിച്ചുവരാത്ത സുധീര്‍കുമാര്‍ മിശ്രയുമെല്ലാം ചേര്‍ന്ന് എംടിയുടെ കഥാലോകം എന്നും മലയാളിയുടെ മാനസിക വ്യാപാരങ്ങളുടെ പരിച്ഛേദമായി തുടരുന്നു. നോവലുകള്‍, കഥകള്‍, തിരക്കഥകള്‍, സിനിമകള്‍ എന്നിങ്ങനെ ഈ കൂടല്ലൂരുകാരന്റെ സാഹിത്യലോകത്തിന് വിസ്മയകരമായ വ്യാപ്തിയുണ്ട്. ആ ലോകത്തെക്കുറിച്ച് ധാരാളമായി ആസ്വാദനങ്ങളും പഠനങ്ങളും നടക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:  എംടിയ്ക്ക്


എന്നാല്‍ എംടി തന്റെ ചുറ്റും കണ്ട മനുഷ്യരെക്കുറിച്ച്, ലോകത്തെക്കുറിച്ച്, ആശയങ്ങളെക്കുറിച്ച് എഴുതിയ കുറിപ്പുകള്‍, നടത്തിയ പ്രഭാഷണങ്ങള്‍, നല്‍കിയ അഭിമുഖങ്ങള്‍ ഇവയെക്കുറിച്ചൊന്നും അധികം ആസ്വാദനങ്ങളോ പഠനങ്ങളോ വന്നു കണ്ടിട്ടില്ല. എംടിയുടെ നോവലുകളും കഥകളും എന്റെ ഹെെസ്കൂള്‍ കാലത്തുതന്നെ ആര്‍ത്തിയോടെ വായിച്ചുതീര്‍ന്നിരുന്നു. 76ലോ 77ലോ നിറഞ്ഞുകവിഞ്ഞ ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തിലാണ് കോളജ് യൂണിയന്‍ സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിനായി എംടി എത്തുന്നത്. സ്ലാക്ക് ഷര്‍ട്ടും മുണ്ടും കണ്ണടയുമായി പതിവ് ഗൗരവത്തോടെ. സാഹിത്യചരിത്രവും ചലച്ചിത്ര ചരിത്രവുമാണ് അന്ന് അദ്ദേഹം അവിടെ സംസാരിച്ചത്. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ സാധാരണയായി ശബ്ദകോലാഹലത്തില്‍ ഏത് പ്രാസംഗികനെയും മുക്കിക്കളയുന്ന ഓഡിറ്റോറിയം നിശബ്ദമായി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് എംടി ചോദിക്കുന്നു. ഒരു പുഞ്ചിരിയോടെ “ഇത്രയൊക്കെ പോരേ”. ആ പ്രസംഗത്തിന്റെ മാസ്മരികതയില്‍ ലയിച്ച സദസ് പറഞ്ഞു “ഇനിയും കേള്‍ക്കണം” വീണ്ടും ഒരു മണിക്കൂറിലധികം എംടി സംസാരിച്ചു. അതിനുശേഷമുയര്‍ന്ന കരഘോഷം പിന്നീട് ആവര്‍ത്തിക്കുന്നത് കണ്ടത് ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് ടൗണ്‍ഹാളില്‍ എംടിയുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിച്ചേര്‍ന്ന വലിയ ജനാവലിയില്‍ നിന്നാണ്. പ്രീഡിഗ്രിക്കാലത്ത് നിറഞ്ഞ ഓഡിറ്റോറിയത്തിലെ ഒരു കോണിലിരുന്ന് എംടിയുടെ പ്രഭാഷണം കേട്ടശേഷം അദ്ദേഹം സംസാരിക്കുന്നു എന്നറിഞ്ഞ് അനേകം സാഹിത്യസമ്മേളനങ്ങളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി ഇരുന്ന് ആ പ്രഭാഷണം കേട്ടിട്ടുണ്ട്. ഏറ്റവുമടുത്ത് രണ്ട് മാസം മുമ്പ് കനകക്കുന്നില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവം വരെ.


ഇതുകൂടി വായിക്കൂ:  വരകളിലെ എംടി


ലോകത്തിലെ ഭാഷകളെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. ഇല്ലാതായ ഭാഷകള്‍, മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകള്‍, വീണ്ടെടുക്കപ്പെടുന്ന ഭാഷകള്‍, ഭാഷകളിലെ വികാസപരിണാമങ്ങള്‍, ഭാഷാപഠനം തുടങ്ങി അനുവാചകന്റെ അറിവിന്റെ ചക്രവാളങ്ങളെ വിപുലമാക്കിക്കൊണ്ട് അവന്റെ ധാരണകള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ട് അവനെ ഒന്നുകൂടി തെളിച്ചമുള്ള മനുഷ്യനാക്കി മാറ്റുവാന്‍ എംടിയുടെ മൃദുസ്വരത്തിലുള്ള, നേരിട്ട് ഓരോ കേള്‍വിക്കാരനോടും സംവദിക്കുന്ന, പ്രതിപാദിക്കുന്ന ഓരോ വിഷയവും വളരെ ലളിതമായ ഭാഷയില്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ക്ക് സാധിക്കുന്നു. മനസുകളിലേക്ക് നന്മകളുടെ വെളിച്ചം പകര്‍ന്നുകൊണ്ട് എംടിയുടെ പ്രഭാഷണങ്ങള്‍ “വാക്കുകളുടെ വിസ്മയം” എന്ന പേരില്‍ എച്ച്ആന്റ്സി ബുക്സും “ജാലകങ്ങളും കവാടങ്ങളും” എന്ന പേരില്‍ കെെരളി ബുക്സും പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ട്.
എംടിയുടെ കുറിപ്പുകളും ലഘുപ്രബന്ധങ്ങളും സാഹിത്യ പഠനഗ്രന്ഥങ്ങളും നിര്‍വഹിക്കുന്നതും ഇതേ ധര്‍മ്മം തന്നെയാണ്. വായനക്കാരന്റെ അറിവിന്റെ ചക്രവാളങ്ങള്‍ വിപുലമാക്കുക. “മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് എംടിയുടെ വിവിധ വിഷയങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഓര്‍മ്മകളെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ കിളി വാതിലിലൂടെ എന്ന പംക്തി സ്ഥിരമായി വായിക്കാന്‍ കഴിഞ്ഞത്. ആ പംക്തി എംടി പത്രാധിപസ്ഥാനം വിട്ടുപോയതിനുശേഷമാണ് തുടങ്ങിയത്. താന്‍ പത്രാധിപരായിരിക്കുന്ന പ്രസിദ്ധീകരണത്തില്‍ സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കില്ല എന്ന നിഷ്ഠകൊണ്ട് പത്രാധിപരായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കഥകളും കുറിപ്പുകളുമെല്ലാം മറ്റു വാരികകളിലാണ് വന്നിരുന്നത്. അതിനാല്‍ത്തന്നെ അവയില്‍ പലതും അക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നുമില്ല. കിളിവാതിലിലൂടെ എന്ന പംക്തിയില്‍ ഓരോ ആഴ്ചയും വ്യത്യസ്തമായ വിഷയങ്ങളാണ് കെെകാര്യം ചെയ്തിരുന്നത്. ഓര്‍മ്മകള്‍, വിവിധ ദേശങ്ങളില്‍ കണ്ടുമുട്ടിയ മനുഷ്യര്‍, ഹോങ്കോങ്ങില്‍ പരിചയപ്പെട്ട കൗമാരക്കാലത്ത് കേരളം വിട്ട് ഒരിക്കലും തിരിച്ചുവരാതിരുന്ന വൃദ്ധന്‍ മുതല്‍ പൊതുചുമരുകളില്‍ കലാസൃഷ്ടി നടത്തുന്ന കലാകാരന്മാരുടെ സംഘം വരെ എത്രയോ വ്യത്യസ്തമായ വിഷയങ്ങള്‍, നമുക്ക് പരിചിതരല്ലാത്ത അനേകം എഴുത്തുകാരെക്കുറിച്ച്, സിനിമകളെക്കുറിച്ച് നമുക്ക് നന്നായറിയാമെന്ന് നമ്മള്‍ ധരിച്ചുവച്ച നമ്മുടെ ചുറ്റുമുള്ള മനുഷ്യരെക്കുറിച്ചുള്ള പുതിയ അറിവുകള്‍. എല്ലാ കുറിപ്പുകളും അവസാനിക്കുന്നത് നമുക്ക് ചിന്തകളിലേക്ക് നന്മയുടെ ഒരംശം പ്രസരിപ്പിച്ചുകൊണ്ടാണ്, പ്രതീക്ഷയുടെ ഒരംശം ബാക്കിവച്ചുകൊണ്ടാണ്, ഒരിറ്റു വിദ്വേഷം കലരാതെയാണ്.
“കഥ എഴുതാന്‍ സമയമില്ലെങ്കില്‍ പെട്ടെന്ന് ഒരു ലേഖനമെഴുതിത്തരൂ എന്ന് ആളുകള്‍ പറയാറുണ്ട് പലപ്പോഴും. വിശേഷാല്‍പ്രതി ലേഖനമെഴുത്ത് ഒരു എളുപ്പപ്പണിയായി എനിക്ക് തോന്നിയിട്ടില്ല. തിരുത്തിയും മിനുക്കിയും വീണ്ടുമൊരു പകര്‍പ്പെഴുതിയിട്ടേ ഞാന്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരണത്തിന് കൊടുക്കാറുള്ളു. അതൊരു ശീലമായിപ്പോയി’’. സ്വന്തം ലേഖനങ്ങളെക്കുറിച്ച് എംടി എഴുതിയതാണ്. ഒരു പുതിയ അറിവ്, ഒരുള്‍ക്കാഴ്ച വായനക്കാരുമായി കൈമാറുക എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ നിര്‍വഹിക്കുന്നത്. വെറുപ്പും കന്മഷവുമില്ലാതെ, സ്നേഹത്തിന്റെ, അനുകമ്പയുടെ ഒരു ധാര നമ്മിലേക്ക് ഒഴുകിയെത്തുന്നു. മനസ് കൂടുതല്‍ നിര്‍മ്മലമാവുന്നു. സ്വന്തം നാടിനെപ്പറ്റി, മനുഷ്യരെപ്പറ്റി, പുസ്തകങ്ങളെപ്പറ്റി, മറ്റ് നാടുകളില്‍ കണ്ടുമുട്ടിയ സാഹിത്യ, നാടക, സിനിമാ പ്രസ്ഥാനങ്ങളെപ്പറ്റി, പ്രിയപ്പെട്ട എഴുത്തുകാരെയും പുസ്തകങ്ങളെയും പറ്റി, അറിയപ്പെടാത്ത വലിയ മനുഷ്യനെപ്പറ്റി, യാതൊരു മുന്‍വിധിയുമില്ലാതെ, ഒരു പക്ഷപാതിത്തവുമില്ലാതെ എംടി എഴുതി.


ഇതുകൂടി വായിക്കൂ:  നമ്പൂതിരി: വരയുടെ സംഗീതം


എംടിയുടെ ലേഖനങ്ങളോട് ചേര്‍ത്തുവായിക്കേണ്ടവയാണ് അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ (1972), മനുഷ്യര്‍ നിഴലുകള്‍ (1996), വന്‍കടലിലെ തുഴവള്ളക്കാര്‍ (1996) എന്നിവ. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ അമേരിക്കന്‍ യാത്രയെക്കുറിച്ചാണ്. ‘മനുഷ്യര്‍ നിഴലുകള്‍’ റഷ്യന്‍ യാത്രയെക്കുറിച്ചും. നമ്മള്‍ പരിചയിച്ചിട്ടുള്ള യാത്രാവിവരണങ്ങളില്‍ നിന്നും ഇവ തികച്ചും വ്യത്യസ്തമാവുന്നത് അവ അംബരചുംബികളുടെയും ബുള്ളറ്റ് ട്രെയിനുകളുടെയും മൂന്ന് ലിറ്റര്‍ എന്‍ജിനുള്ള ആഡംബര കാറുകളുടെയും കെട്ടുകാഴ്ചകളുടെയും മായാവലയത്തില്‍പ്പെട്ട് മതിഭ്രമം ബാധിക്കുന്നില്ല എന്നതിനാലാണ്. യാത്രകളില്‍ എംടി കാണുന്നത് മനുഷ്യരെയാണ്. അവരുടെ ജീവിതമാണ്. കാല്‍ നൂറ്റാണ്ടിനിപ്പുറവും റഷ്യയില്‍ തെരുവില്‍ കണ്ടുമുട്ടി പരിചയപ്പെട്ട്, കുറേ നേരം ഒന്നിച്ചു കഴിഞ്ഞ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും കൈവീശി യാത്രയാക്കുന്ന ‘അലക്സി’ എന്ന ചെറുപ്പക്കാരനെക്കുറിച്ച് ‘മനുഷ്യര്‍ നിഴലുകളില്‍’ എംടി എഴുതിയത് ഇന്നും ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു. ലോകത്തെവിടെയും മനുഷ്യരുടെ മാനസിക വ്യാപാരങ്ങള്‍ ഒരുപോലെയാണ് എന്ന വലിയൊരറിവാണ് യാത്രാവിരണങ്ങളിലൂടെ എംടി നല്‍കിയത്.
എംടിയുടെ സാഹിത്യ പഠനഗ്രന്ഥങ്ങള്‍ കാഥികന്റെ പണിപ്പുര (1963), ഹെമിങ്ങ്‌വേ ഒരു മുഖവുര, കാഥികന്റെ കല (1984) എന്നിവയാണ്. ഹെമിങ്ങ്‌വേ ഒരു മുഖവുര ലോക ഭാഷകളിലേതിലെടുത്താലും ഹെമിങ്‌വേ എന്ന വിശ്വസാഹിത്യകാരനെക്കുറിച്ചുള്ള ഉജ്വലമായ ഒരു പഠനമാണ്.
താന്‍ ജീവിക്കുന്ന കാലഘട്ടത്തോടും ജീവിത പരിസരങ്ങളോടുമുള്ള നിരന്തരമായ പ്രതികരണങ്ങളാണ് എംടിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം. എന്നും മനുഷ്യപക്ഷത്ത് നില്‍ക്കുന്നു എന്നതാണ് അവയെ അനുവാചകരുടെ ഹൃദയത്തില്‍ കുടിയിരുത്തുന്നത്. വിജയികളായ വീരനായകന്മാരെക്കാള്‍, പരാജയപ്പെടുന്ന നിസഹായരായ സാധാരണ മനുഷ്യരുടെ പക്ഷത്താണ് എന്നും എംടിയുടെ രചനകള്‍. അതിനാലാണ് അവ തീവ്രമായ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാകുന്നത്. ആസുരമായ കാലത്തെ വലിയ തിന്മകള്‍ക്കെതിരെ എംടി എന്ന മനുഷ്യന്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. മുത്തങ്ങ സമരത്തെ അടിച്ചമര്‍ത്തിയതിനെതിരെയും വര്‍ത്തമാനകാലത്തെ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കെതിരെയുമെല്ലാം ഉറച്ച ശബ്ദത്തില്‍ എംടി സംസാരിച്ചിട്ടുണ്ട്. കല മനുഷ്യമനസുകളെ ആര്‍ദ്രമാക്കണം. അതിന് കണ്ണീരിന്റെ, കനിവിന്റെ ഒരു ഉറവയ്ക്ക് ജന്മം നല്‍കാനാവണം എന്നിടത്താണ് എംടിയുടെ സാഹിത്യലോകത്തിന്റെ പ്രസക്തി. ‘മഞ്ഞ്’ എന്ന നോവലിന്റെ ആമുഖമായി ‘കഥകള്‍ ആത്മാവില്‍ നിന്നു വരുമ്പോള്‍ അവ കവിതകളാവുന്നു’ എന്ന ആര്‍ച്ച് ബാള്‍ഡ് മക്‌ലീഷിന്റെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. എംടിയുടെ വാക്കുകള്‍ ആത്മാവില്‍ നിന്നും വരുന്നു. അതിനാല്‍ത്തന്നെ അവ ആത്മാവുകളിലേക്ക് പ്രവഹിക്കുന്നു.

Exit mobile version