Site iconSite icon Janayugom Online

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി കവിതാസമാഹാരം സമര്‍പ്പിച്ച് ലീലാ രാമചന്ദ്രന്‍

വർണ്ണച്ചിറകുള്ള ശലഭങ്ങളായും ആത്മരോഷത്തിന്റെ അഗ്നി നാമ്പുകളായും കവിതകൾ മാറാറുണ്ട്. എന്നാൽ രണ്ട് വർഷങ്ങളായി എഴുതി കൂട്ടിയ കവിതാ സമാഹാരം കോവിഡ് ബാധിച്ച് മരിച്ചവർക്കായി സമർപ്പിച്ചത് ആത്മാർപ്പണത്തിന്റെ മറ്റൊരു മുഖമായി. നഗരസഭ 35-ാം വാർഡിൽ ശ്രീരാഗത്തിൽ ലീലാ രാമചന്ദ്രൻ (64) എന്ന കവയത്രി എഴുതിയ പുസ്തകത്തിന്റെ ആദ്യ പേജിലാണ് കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടുള്ള കുറിപ്പ് വേറിട്ടതാക്കുന്നത്.

പുസ്തകത്തിൽ കോവിഡിനെ കുറിച്ചുള്ള കവിതയടക്കം ലോകാഅത്ഭുതങ്ങളിലൊന്നായ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം വരെ ലീലാ രാമചന്ദ്രെന്റെ കവിതാ സമാഹാരത്തിലുണ്ട്. നയാഗ്ര നേരിട്ട് കണ്ട് അതേപടി കവിതയായി എഴുതിയ കവിതാ സമാഹാരം പുറത്തിറക്കീട്ട് മാസങ്ങളെയായിട്ടുള്ളു. ലീലാരാമചന്ദ്രന്റെ അമേരിക്കയിലെ സന്ദർശനത്തിന് ശേഷമായിരുന്നു കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം. ഇത്തിരിപ്പോന്ന അണുവിന്റെ മുന്നിൽ ഭയന്ന് വിറച്ച മനുഷ്യരുടെ കഥയും കവിതയായി രചിച്ച 26 കവിതാ സമാഹാരമായ നയാഗ്ര കോവിഡ് ബാധിച്ച് മരിച്ചവർക്കായി സമർപ്പിക്കുകയായിരുന്നു അവർ. 2019 ൽ ലായിരുന്നു ലീലാ രാമന്ദ്രന് മക്കളോടപ്പം അമേരിക്ക സന്ദർശിക്കാൻ അവസരം ലഭിച്ചത്. കാഴ്ചകൾ കാണുന്നതിനിടെയാണ് നയാഗ്രയിലെത്തുന്നത്.

പുലർച്ചെ തന്നെ അവിടെയെത്തി. ആകാശം മുട്ടെയുള്ള വെള്ളച്ചാട്ടം നേരിട്ട് കണ്ടപ്പോൾ തന്നെ കവിതകളായി പിന്നീട് അത് വായനക്കാരിൽ നയാഗ്ര നേരിട്ട് കാണുന്ന അനുഭവമായി മാറി. നയാഗ്ര കവിതാ സമാഹരത്തിലെ ചില കവിതകൾ നാടക- സിനിമാ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് സംഗീതം ചെയ്ത് പുറത്തിറക്കിയപ്പോൾ വൻ തരംഗമായി മാറി. ചേർത്തല തിരുനല്ലൂർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ലീലാ രാമചന്ദ്രൻ 1992 ൽ ആലപ്പുഴയിൽ സഹകരണ കോൺഗ്രസ് ലേയ്ക്കും ഗാനമെഴുതിട്ടുണ്ട്. നയാഗ്ര കവിതാ സമാഹാരത്തിൽ മുൻ മന്ത്രി പി തിലോത്തമൻ, എ എം ആരീഫ് എം പി, ഗാനരചയിതാക്കളായ വയലാർ ശരത് ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ സന്ദേശവും, ആശംസാകുറിപ്പുകളും എഴുതിട്ടുണ്ട്. 2018 ൽ പുറത്തിറക്കിയ വർണ്ണവസന്തം കവിതാസമാഹാരത്തിൽ ഡോ. പള്ളിപ്പുറം മുരളിയാണ് അവതാരികയെഴുതിയത്. ഇനി കടൽ എന്ന കവിതാ സമാഹാരം ഉടൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ലീലാ രാമചന്ദ്രൻ. ഭർത്താവ് പരേതനായ രാമചന്ദ്രൻ മക്കൾ: ഡോ.സുജിത്ത് ആർ പിള്ള, അജിത് ആർ പിള്ള.

Exit mobile version