Site iconSite icon Janayugom Online

നോര്‍വേ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം; ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച

നോര്‍വേയിലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഇടത് പാര്‍ട്ടികള്‍. 169ല്‍ 87 സീറ്റിലും ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോയറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി രണ്ടാം തവണയും ഭരണത്തിലേറും. ഇടത് സഖ്യത്തില്‍ 28% വോട്ടുമായാണ് ലേബര്‍ പാര്‍ട്ടി ഒന്നാമതെത്തിയത്. അതേസമയം കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേത്.

വോട്ടെണ്ണല്‍ 99% പിന്നിട്ടതോടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തി. ‘ഞങ്ങളത് നേടി’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. യൂറോപ്പില്‍ വലതുപക്ഷ ശക്തികള്‍ ഉയര്‍ന്നുവരുമ്പോള്‍ പോലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് ഈ വിജയം തെളിയിച്ചതായും ജോനാസ് ഗഹര്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലെ ഈ വിജയം ഒരു തുടക്കം മാത്രമാണെന്ന് കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ പോപ്പുലിസ്റ്റ് പ്രോഗ്രസ് പാര്‍ട്ടി നേതാവ് സില്‍വി ലിസ്റ്റോഗ് പറഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ കണ്‍സര്‍വേറ്റീവ് നേതാവ് എര്‍ന സോള്‍ബര്‍ഗ് ക്ഷമാപണം നടത്തുകയും ചെയ്തു. 

2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലേബര്‍ പാര്‍ട്ടി നേടിയ വോട്ടില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിരിക്കുന്നത്. 5.6 ദശലക്ഷം ജനങ്ങളുള്ള സമ്പന്ന രാജ്യമാണ് നോര്‍വേ. ഏകദേശം 4.3 ദശലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. പ്രധാനമായും ആഭ്യന്തര വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുക. നിലവിലെ തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും ഉക്രെയ‍്ൻ‑റഷ്യ യുദ്ധവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സംരക്ഷണം, പൊതുവായ സേവനങ്ങള്‍, അസമത്വം എന്നിവയും ചര്‍ച്ചയായി.

Exit mobile version