Site iconSite icon Janayugom Online

ഇടതുപക്ഷം ഇന്ത്യയുടെ വഴി കാട്ടിയാവണം: ബിനോയ്‌ വിശ്വം

binoy viswambinoy viswam

വർഗബോധമാണ് തൊഴിലാളികളുടെ വഴികാട്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) 45-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബിസിനസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗഭ്രാന്തിന്റെ ശക്തികൾ അത് തകർക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ചൂഷക വർഗത്തിന്റെ ഉപാധികളൊന്നും അതിൽ കീഴ്പ്പെട്ട് പോകില്ല. ഇടതുപക്ഷമെന്നത് വെറും വാക്കല്ല. ഇന്ത്യയ്ക്ക് വഴികാട്ടിയാകണം കേരളം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ പ്രവൃത്തികളാണ്.

കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കേന്ദ്രം സഹായം നൽകും. എന്നിട്ട് അത് പിന്നീട് പല രീതിയിലായി തിരിച്ചെടുക്കുകയും ചെയ്യും. സംസ്ഥാനത്ത് റേഷൻ കൊടുക്കുവാൻ കേന്ദ്രസർക്കാർ അരി നൽകും. എന്നാൽ കുറച്ച് നാൾ കഴിഞ്ഞ് വെട്ടിച്ചുരുക്കുകയും ചെയ്യും. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ എൽഡിഎഫ് സർക്കാർ ജനഹൃദയങ്ങളിൽ സ്വീകാര്യത നേടി. വയനാട് ദുരന്തത്തിൽ ഉൾപ്പടെ വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലാണ് ഉണ്ടായത്. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം കൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല. ഓണക്കാലം നല്ലതാക്കാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളും കഠിനശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

കാനം രാജേന്ദ്രൻ അനുസ്മരണ പുരസ്കാരം പന്ന്യൻ രവീന്ദ്രൻ ബിനോയ് വിശ്വത്തിന് സമര്‍പ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. പി ജ്യോതിസ് സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, പി വി സത്യനേശൻ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ബിനോയ് വിശ്വം (പ്രസിഡന്റ്), ടി ജെ ആ‍ഞ്ചലോസ് (വര്‍ക്കിങ് പ്രസിഡന്റ്), പി വി സത്യനേശന്‍ (ജനറല്‍ സെക്രട്ടറി), പി കെ സദാശിവന്‍പിള്ള (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

Exit mobile version