Site iconSite icon Janayugom Online

ആര്‍എസ്എസിനെയും സിപിഐ(എം)നേയും ഒരു പോലെ ചിത്രീകരിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തില്‍ അതൃപ്തി അറിയിച്ച് ഇടത് പാര്‍ട്ടികള്‍

ആര്‍എസ്എസിനെയും , സിപിഐ(എം)നേയും ഒരുപോലെ ചിത്രീകരിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തില്‍ അതൃപ്തി അറിയിച്ച് ഇടത് പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യത്തിന്റെ ഓണ്‍ലൈന്‍ യോഗത്തിലാണ് നേതാക്കള്‍ അതൃപ്തി അറിയിച്ചത് .മറ്റുള്ളവരുടെ വികാരം തിരിച്ചറിയാത്ത രാഷ്ട്രീയം പിന്തുടരുന്നതിനാലാണ് സിപിഐ(എം)നേയും, ആര്‍എസ്എസിനെയും എതിര്‍ക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കെപിസിസി പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ പരാമര്‍ശങ്ങള്‍ അനുചിതവും ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രസ്താവനകളാണെന്ന് ഇടതുപക്ഷ നേതാക്കള്‍ ആരോപിച്ചു. അത്തരം പ്രസ്താവനകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് രാഹുലിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയത്. 

കേഡര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഖ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ചെയ്യുമെന്നതിനാല്‍ അവ ഒഴിവാക്കണമെന്ന് ഡി.രാജ പറയുകയുണ്ടായി. ഇന്ത്യാ സഖ്യം തുടങ്ങിയത് രാജ്യത്തെ രക്ഷിക്കൂ, ബിജെപിയെ പുറത്താക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്. എന്നാല്‍ സഖ്യത്തിനുള്ളിലെ ഇടതുപക്ഷത്തെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്ന പ്രസ്താവന നടത്തരുതെന്നും ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടി രാഹുലിന്റെ പരാമര്‍ശത്തെ നേരത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി എംഎബേബി ശക്തായി വിമര്‍ശിച്ചിരുന്നു. ഇതിനെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച ബേബി, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയുടെ പ്രതിഫലനമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും പറയുകയുണ്ടായി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ബിഹാര്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനഃപരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. വോട്ടര്‍ പട്ടിക പുനഃപരിശോധനാ വിഷയത്തില്‍ ജൂലായ് 23, 24 തീയതികളില്‍ ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും മുന്നണി ഒരുങ്ങുന്നുണ്ട്.

Exit mobile version