Site iconSite icon Janayugom Online

ഇടത് തരംഗം; വിളംബരമായി കൊട്ടിക്കലാശം, ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുത്ത് നാളെ

LDFLDF

വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇടത് തരംഗം. രണ്ടാംഘട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പരസ്യ പ്രചാരണങ്ങള്‍ക്ക് പരിസമാപ്തിയായി. നാടിനെയാകെ ഉത്സവ ലഹരിയിലാക്കി നടന്ന കൊട്ടിക്കലാശവും എല്‍ഡിഎഫ് വിജയത്തിനുള്ള വിളംബരമായി.

കേരളത്തോട് പക പോക്കല്‍ നിലപാടുകള്‍ സ്വീകരിച്ച, വര്‍ഗീയതയില്‍ മുക്കി രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാക്കാന്‍ ശ്രമിച്ച മോഡി സര്‍ക്കാരിനെതിരായി ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ അവസാന വോട്ടും എല്‍ഡിഎഫ് ഉറപ്പാക്കും. ജനകീയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ദിവസങ്ങള്‍ക്ക് മുന്നേ കളം പിടിച്ച എല്‍ഡിഎഫിന് തുടക്കം മുതല്‍ മുന്‍ തൂക്കം ലഭിച്ചു. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ കേരളം നിലപാടെടുക്കുമെന്ന ഉറപ്പാണ് പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും അലയടിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ജനത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഓരോ ഇടത് സ്ഥാനാര്‍ത്ഥിക്കും ലഭിച്ച പിന്തുണ. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസില്‍ ഇടം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ബിജെപിയും യുഡിഎഫും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ഒന്നും വിലപ്പോയില്ല. 

കേരളവിരുദ്ധ പ്രസംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ എത്തിയെങ്കിലും വര്‍ഗീയതയ്ക്ക് ഈ മണ്ണില്‍ ഇടമില്ലെന്ന് ജനം ഉറപ്പിച്ചുകഴിഞ്ഞു. വയനാട്ടില്‍ ഇക്കുറിയും രാഹുല്‍ ഗാന്ധിയെ മത്സരിപ്പിച്ച് കോണ്‍ഗ്രസും എല്‍ഡിഎഫിനെയാണ് മുഖ്യശത്രുവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിന് കുടപിടിക്കുന്ന നിലപാടായിരുന്നു യു‍ഡിഎഫിന്റെത്. 18 യുഡിഎഫ് എംപിമാരുടെ തനിനിറം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ജനം തിരിച്ചറിഞ്ഞതാണ്. സിഎഎ വിഷയത്തില്‍ സ്വീകരിച്ച നിലപാടും വര്‍ഗീയ ശക്തികളുമായുള്ള ചങ്ങാത്തവുമെല്ലാം കോണ്‍ഗ്രസിന് പ്രചാരണത്തിലേകിയ തിരിച്ചടി തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. പ്രചാരണത്തില്‍ പച്ചക്കൊടി ഉയര്‍ത്താന്‍ കഴിയാത്ത ലീഗിന്റെ അതൃപ്തിയും വിനയാകും. ബിജെപിക്കാകട്ടെ മുന്‍നിരയെന്ന് കണക്കാക്കിയ മണ്ഡലങ്ങളില്‍ പോലും സാന്നിധ്യം അറിയാക്കാന്‍ കഴി‍ഞ്ഞില്ല. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്താത്തതും ബിജെപിക്ക് പതിവ് പ്രതീക്ഷയില്ലാത്തതിനാലായിരുന്നു. 

എല്‍ഡിഎഫ് നേതൃത്വവും ഓരോ പ്രവര്‍ത്തകരും ഒറ്റ മനസോടെ ഒരുമയാര്‍ന്ന പ്രവര്‍ത്തനങ്ങളോടെയാണ് ഓരോ ഘട്ടത്തിലും മുന്നേറിയത്. പൊതുയോഗങ്ങളിലും കണ്‍വെന്‍ഷനുകളിലുമെല്ലാം സ്ത്രീകളും യുവാക്കളുമുള്‍പ്പെടെയുള്ളവര്‍ ഇടതിന് പിന്തുണയുമായി ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു. മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ്പിനായി ഇടതിന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവോടെ തന്നെയാകും സംസ്ഥാനം പോളിങ് ബൂത്തിലെത്തുകയെന്ന ഉറപ്പായിരുന്നു ഈ ജനക്കൂട്ടം.

ചെങ്കടലായി കേരളം; അക്രമം അഴിച്ചുവിട്ട് യുഡിഎഫ്, ബിജെപി

കലാശക്കൊട്ടിന്റെ ആരവം ഇന്നലെ വൈകിട്ട് അവസാനിക്കുമ്പോള്‍ കേരളം ചെങ്കടലായി. മതസൗഹാര്‍ദം പുലരുന്ന നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപി സംഘ്പരിവാറിനും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസിനും സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് കൊട്ടിക്കലാശത്തിലും നിറഞ്ഞത്. 

20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടതുപക്ഷത്തിന് ഐക്യദാര്‍ഢ്യമേകി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ചെങ്കൊടികളുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ നിറഞ്ഞപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളും വാനോളമുയര്‍ന്നു. വര്‍ണബലൂണുകളും കട്ടൗട്ടുകളും നൃത്തപരിപാടികളുമെല്ലാമായായിരുന്നു കൊട്ടിക്കലാശം. പ്രധാന കേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥികളും പങ്ക് ചേര്‍ന്നു.

പരാജയഭീതി പൂണ്ട ബിജെപി, യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൊട്ടിക്കലാശത്തില്‍ അക്രമം അഴിച്ചു വിട്ടു.
ഇന്ന് ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ കേരളം പോളിങ് ബൂത്തിലെത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 2.77 കോടി വോട്ടര്‍മാരാണുള്ളത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്‍മാരും 367 ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.

Eng­lish Sum­ma­ry: left wave; Pro­claimed con­dem­na­tion, silent cam­paign today, judg­ment writ­ten tomorrow

You may also like this video

Exit mobile version