Site iconSite icon Janayugom Online

ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യവുമായി യൂറോപ്പിലെ ഇടതുപക്ഷ പാര്‍ട്ടികള്‍

ക്യൂബയ്ക്കെതിരെ യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതിഷേധിച്ച് യൂറോപ്പിലെ ഇടതുപക്ഷ പാര്‍ട്ടികള്‍. നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കണമെന്നും മാനുഷിക സഹായങ്ങളും എണ്ണയും വിതരണം ചെയ്യണമെന്നും ലാറ്റിൻ അമേരിക്കൻ ഐക്യദാർഢ്യ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനിസ്റ്റുകൾ, ഇടതുപക്ഷ രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെയുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബ്രസൽസിൽ നടന്ന ക്യൂബയ്ക്കുവേണ്ടിയുള്ള ഐക്യദാർഢ്യ പ്രകടനങ്ങളില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. ക്യൂബയ്‌ക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി, എണ്ണ ഉപരോധം സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെയും ആശുപത്രികൾ, ആംബുലൻസുകൾ, ഭക്ഷ്യ വിതരണം തുടങ്ങിയ അവശ്യ സേവനങ്ങളെയും സ്തംഭിപ്പിക്കുന്നു. 

തങ്ങളുടെ വിഭവങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക, സൗജന്യ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും നിക്ഷേപിക്കുക, മറ്റ് ജനങ്ങളുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുക തുടങ്ങിയ ക്യൂബന്‍ നയം സാമ്രാജ്യത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് പ്രകടനത്തില്‍ പങ്കെടുത്ത ക്യൂബനിസ്‍മോ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ക്യൂബയ്‌ക്കെതിരായ നിയമവിരുദ്ധ ഉപരോധം ശക്തമാക്കിയതിനെ അപലപിക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരും പരാജയപ്പെട്ടപ്പോൾ യുഎസ് സാമ്രാജ്യത്വ നടപടിക്കെതിരെ ഇടതുപക്ഷ പാർട്ടികളും സംഘടനകളും രംഗത്തിറങ്ങുകയായിരുന്നു. 

Exit mobile version