Site iconSite icon Janayugom Online

കാലുമാറി ശസ്ത്രക്രിയ: ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ ഇടതു കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. അഡീഷണൽ ഡിഎംഒ എ പി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് സംഘമാണ് നാഷ്ണൽ ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ചത്. രോഗിയുടെ പരാതിയിൽ കഴമ്പുണ്ടോ എന്നും ആശുപത്രി രേഖകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്നുമാണ് പരിശോധിച്ചതെന്ന് അഡീഷണൽ ഡിഎംഒ അറിയിച്ചു. 

പരിശോധനയുടെ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. സംഭവത്തിൽ മെഡിക്കൽ എഡ്യുക്കേഷന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് സംഘവും പ്രത്യേക ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കുന്ന പൊലീസിന്റെ ആവശ്യപ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിച്ചത്. നേരത്തെ ഇടതു കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ രോഗിയുടെ കുടുംബം പുറത്തുവിട്ടിരുന്നു. 

കഴിഞ്ഞ മാസം 21 നാണ് കക്കോടി മക്കട നക്ഷത്രയിൽ സജ്ന (58) നാഷണൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാൻ വലതുകാലിന് ശസ്ത്രക്രിയ നടത്തി എന്നാണ് പരാതി. വലതുകാലിന് യാതൊരു ​പ്രയാസവും ഇല്ലായിരുന്നുവെന്നും ഈ കാലിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർക്ക് സംഭവിച്ച പിഴവാണെന്നും ചൂണ്ടികാട്ടി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

Eng­lish Summary;Leg Replace­ment Surgery: Health Depart­ment inspected

You may also like this video

Exit mobile version