സംസ്ഥാനത്തെ കാലിത്തീറ്റ, ആടുതീറ്റ, കോഴിത്തീറ്റ, പാൽ എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നിയമം പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഉടൻ തന്നെ ഈ നിയമനിർമ്മാണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പ് തൃശൂരിൽ നടത്തുന്ന ക്ഷീര സംഗമത്തിൽ മിൽമ സംഘടിപ്പിച്ച സംവാദസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുണമേന്മയുള്ള പാലും പാലിന് വിലസ്ഥിരതയും ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. അടുത്തിടെ പാലിന് ആറു രൂപ വിലകൂട്ടിയപ്പോൾ അതിൽ അഞ്ചു രൂപ മൂന്ന് പൈസ കർഷകർക്കാണ് നൽകിയത്. കാലിത്തീറ്റയുടെ ഉപയോഗം കുറച്ച് പച്ചപ്പുല്ല് കന്നുകാലികൾക്ക് നൽകാൻ കർഷകരെ പ്രോത്സാഹിപ്പിക്കും. നാടൻ കാലിയിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കർഷകർ ഉപയോഗപ്പെടുത്തണം. എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസും കൃത്രിമ ബീജസങ്കലന സംവിധാനവും ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ രാജനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
പാലിന് സ്ഥിരമായ വില ഉറപ്പു വരുത്താൻ മിൽമയും സംസ്ഥാന സർക്കാരും പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
കന്നുകാലികളിലെ രോഗപ്രതിരോധം, ശരിയായ പ്രജനനം, ചികിത്സാരീതികൾ, സമീകൃതവും ചെലവ് കുറഞ്ഞതുമായ നൂതന തീറ്റ രീതികൾ എന്നീ വിഷയത്തിലാണ് സംവാദസദസ് നടന്നത്. ദേശീയ ക്ഷീരവികസന ബോർഡിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. എ വി ഹരികുമാർ, സീനിയർ മാനേജർ റോമി ജേക്കബ് എന്നിവർ ക്ലാസുകൾ നയിച്ചു.
മിൽമ തിരുവനന്തപുരം മേഖലയിലെ 40 ബീജസങ്കലന കേന്ദ്രങ്ങൾ, എറണാകുളം മേഖലയിലെ ക്ഷീരകർഷകർക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതി, മലബാർ യൂണിയനിലെ വിധവകളായ ഭവനരഹിതർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം എന്നിവയും മന്ത്രി വിതരണം ചെയ്തു.
ക്ഷീരവികസന‑മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ ഐഎഎസ്, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, തിരുവനന്തപുരം മേഖലാ ഭരണസമിതി കൺവീനർ എൻ ഭാസുരാംഗൻ, വിവിധ മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.
English Summary: Legislation to ensure quality of fodder soon: Minister J Chinchurani
You may also like this video