Site icon Janayugom Online

നിയമസഭാ സമിതി സിറ്റിംഗ് നടത്തി

A C Motheen

എ.സി. മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായുള്ള പ്രവാസി ക്ഷേമകാര്യ നിയമസഭ സമിതി കേരള ഹൗസിൽ സിറ്റിംഗ് നടത്തി. എം എൽ എ മാരായ കെ.എൻ. ഉണ്ണികൃഷ്ണൻ (വൈപ്പിൻ), പ്രമോദ് നാരായണൻ എന്നിവർ പരാതികൾ കേട്ടു. ഡൽഹി എൻ.സി.ആർ. പ്രദേശങ്ങളിലെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ മലയാളി സംഘടനകളുടെ പ്രതിനിധികൾ സമിതിയുടെ ശ്രദ്ധയിൽ പെടുത്തി. നഴ്സുമാരുടെ ജോലിയുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയാകുന്നതും പ്രവാസി ക്ഷേമ പെൻഷൻ പ്രായപരിധി ഉയർത്തുന്നതും സംബന്ധിച്ച നിവേദനങ്ങൾ നിയമസഭാ സമിതിക്കു നൽകി.

ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം, കലാ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങൾ ലഭിക്കുന്നതിന് നേരിടുന്ന പ്രയാസങ്ങൾ, കേരളത്തിലെ പി.എസ്.സി. പരീക്ഷകൾക്ക് ഡൽഹിയിൽ സെന്റർ അനുവദിക്കുക, കേരളത്തിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് ഡൽഹിയിൽ എത്തുന്ന മലയാളി കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഏർപ്പെടുത്തുക, ഡൽഹി പോലീസ് റിക്രൂട്ട്മെന്റിന് കേരളത്തിൽ സെന്റർ അനുവദിക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണം, വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും ഡൽഹിയിൽ എത്തുന്നവരെ സഹായിക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്ക്ക്, കപൂർത്തല പ്ലോട്ടിൽ സാംസ്കാരിക സമുച്ചയം വേണം എന്ന ആവശ്യം തുടങ്ങി വിവിധ വിഷയങ്ങൾ സമിതിയുടെ ശ്രദ്ധയിൽ പെടുത്തി. ഇവ സംബന്ധിച്ച നിരവധി നിവേദനങ്ങളും പ്രവാസി സംഘടനകളുടെ പ്രതിനിധികൾ സമിതിക്ക് നൽകി. പ്രശ്നങ്ങൾ വിലയിരുത്തി നിയമസഭയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് സമിതി അറിയിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുഞ്ഞുമോൻ , നോർക്ക വികസന ഓഫീസർ ഷാജിമോൻ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Leg­isla­tive com­mit­tee sitting

You may like this video also

Exit mobile version