പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി 30ന് മൂന്നാറില്‍ യോഗം ചേരും. രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം. ഇടുക്കി ജില്ലയിലെ പള്ളിവാസൽ കെഎസ്ഇബി വിപുലീകരണ പദ്ധതികളുടെ മറവിൽ വ്യാജ പട്ടയങ്ങളുണ്ടാക്കി അനധികൃത നിർമ്മാണം നടത്തുന്നതായി സമിതിക്ക് ലഭിച്ച നിവേദനത്തിൽ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തും. പരിസ്ഥിതി സംബന്ധിച്ച സമിതി (2016–19)യുടെ ഒന്നാമത് റിപ്പോർട്ടിന്റെ (മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട്) ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചതായി പരാമർശിച്ച നടപടികളും പരിശോധിക്കും.
ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവര ശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങളും സമിതി സ്വീകരിക്കും. യോഗശേഷം പള്ളിവാസൽ കെഎസ്ഇബി വിപുലീകരണ പദ്ധതിപ്രദേശവും അനുബന്ധ സ്ഥലങ്ങളും മൂന്നാറിലെ പാരിസ്ഥിതിക/ മലിനീകരണ പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശങ്ങളും സന്ദർശിക്കും.