Site iconSite icon Janayugom Online

കൊലപാതകത്തിന്റെ ചുരുളഴിച്ചത് സ്വീവേജ് പ്ലാന്റിൽ കണ്ടെത്തിയ കാലുകൾ: രണ്ട് പേർ പിടിയിൽ

murdermurder

മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ നിന്നും മുട്ടിന് താഴ്ഭാഗം മുതൽ പാദം വരെ മുറിച്ചെടുത്ത നിലയില്‍ രണ്ട് കാലുകൾ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പർജൻകുമാർ. സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. മുട്ടത്തറ ബംഗ്ലാദേശ് കോളനിയിൽ മനു രമേശ്(27), പ്രിയദർശിനി നഗർ ബിസ്‌മില്ലാ മൻസിലിൽ ഷഹീൻ ഷാ (27) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് മുട്ടത്തറ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ ഡ്രെയിനേജ് മാലിന്യം വന്ന് അടിയുന്ന കിണറിലും മെക്കാനിക്കൽ സ്ക്രീനിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്കൊപ്പവും മുറിച്ചു മാറ്റപ്പെട്ട രണ്ടു കാലുകൾ കിടക്കുന്നത് പ്ലാന്റിലെ ജീവനക്കാർ കാണുന്നത്. ഉടനെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വലിയതുറ പൊലീസ് കേ സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇത് ഏതെങ്കിലും ആശുപത്രിയിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട അവയവമാണോ എന്ന സംശയത്തിൽ പൊലീസ് നഗരത്തിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാല്‍ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയിൽ നിന്നും കാലുകൾ ആശുപത്രിയിൽ നിന്നും മുറുച്ചു മാറ്റപ്പെട്ടതല്ലായെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത അസ്വാഭാവിക മരണത്തെ സംബന്ധിച്ചും കാണാതായവരെ സംബന്ധിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയിട്ടും ഉപയോഗപ്രദമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് അന്വേഷണം കന്യാകുമാരി കേന്ദ്രീകരിച്ചാക്കി. ഇവിടെ നിന്നാണ് കന്യാകുമാരി ചിന്നമുട്ടം എന്ന സ്ഥലത്ത് കനിഷ്‌കര്‍ എന്ന യുവാവിനെ കാണ്മാനില്ല എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് അന്വേഷിച്ചതിൽ നിന്ന് ഓഗസ്റ്റ് 10നാണ് കനിഷ്‌കർ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് അറിഞ്ഞു. ഇതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതായി അവര്‍ പറഞ്ഞു. ഇയാളുടെ കൂട്ടുകാരോട് അന്വേഷിച്ചതിൽ നിന്നും വടശ്ശേരി സ്വദേശിയായ മഹേഷ് ഖലീഫയോടൊപ്പം തിരുവനന്തപുരത്ത് ഒരു സുഹൃത്തിനെ കാണാൻ പോയതായി വിവരം ലഭിച്ചു.

തുടര്‍ന്ന് ഖലീഫയെ കണ്ടെത്തി ചോദ്യം ചെയ്തു. താനും കനിഷ്‌കറും ബീമാപള്ളിക്ക് സമീപമുള്ള മനു രമേശ് താമസിക്കുന്ന ബംഗ്ലാദേശ് കോളനിയിലുള്ള വീട്ടിൽ പോയിരുന്നതായും അവിടെ നിന്നും തിരികെ ഒറ്റയ്ക്ക് താന്‍ മടങ്ങി പോയെന്നും ഖലീഫ പൊലീസിനോട് പറഞ്ഞു. ഇതിനു ശേഷം മൂന്ന് ദിവസം കഴിഞ്ഞ് മനു രമേശ് ഫോണിൽ വിളിച്ചിട്ട് കനിഷ്‌ക‌ർ മയക്കുമരുന്ന് ഉപയോഗിച്ച് അവിടെ പ്രശ്നമുണ്ടാക്കിയെന്നും കുറച്ച് രൂപ എടുത്തുകൊണ്ടു പോയെന്നും ഖലീഫയോട് പറഞ്ഞിരുന്നതായും അയാള്‍ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഓഗസ്റ്റ് 12ന് രാത്രി എട്ട് മണിയോടു കൂടിയാണ് കൊലപാതകം നടന്നത്. പ്രതി മനു രമേശിന്റെ വീട്ടിൽ വച്ച് മനുവും കനി‌‌ഷ്‌കറും വാക്ക് തർക്കത്തിലേർപ്പെടുകയും മനു കത്തി ഉപയോഗിച്ച് കനിഷ്‌കറിനെ കഴുത്തിലും നെഞ്ചിലും കുത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആസൂത്രിതമായ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം മനു രമേശിന്റെ സുഹൃത്തായ ഇറച്ചി വെട്ടുകാരന്‍ ഷെഹിൻ ഷായുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായി എറിഞ്ഞു കളയുകയായിരുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യാതൊരു തുമ്പുമില്ലാതിരുന്ന കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പാർവ്വതി പുത്തനാറിന്റെ സമീപത്തെ ബദരിയ റോഡിലുള്ള സ്വീവേജ് പ്ലാന്റിന്റെ അവസാന ഭാഗത്തുള്ള കുഴിയിൽ നിന്നും വയറിനു താഴെയുള്ള ചില ശരീരഭാഗങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി മനു രമേശിനെതിരെ കന്യാകുമാരി ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളും പൂന്തുറ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്.

വലിയതുറ എസ്എച്ച്ഒ സതികുമാർ, എസ്ഐമാരായ അഭിലാഷ്, അലീന സൈറസ്, എസ്‌സിപിഒമാരായ മനു, രാജേന്ദ്രൻ, സിപിഒമാരായ ഷാബു, ഷിബി, റോജിൻ, അനീഷ്, ബിജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘവും അന്വേഷണത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Legs found in sewage plant lead to mur­der: Two arrested

You may like this video also

Exit mobile version