ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ചെറുനാരങ്ങയുടെ വില കുതിച്ച് ഉയർന്നതോടെ നാരങ്ങാ വെള്ളവും സോഡാ നാരങ്ങാ സർബത്തും കഴിക്കാൻ ഇനി ചെലവേറും. രണ്ടാഴ്ചക്കിടെ 100 രൂപയുടെ വില വർധനവാണ് ചെറുനാരങ്ങക്ക് ഉണ്ടായത്. മാർച്ച് മാസം 100 കടന്ന ചെറു നാരങ്ങയുടെ വില ഏപ്രിൽ രണ്ടാം വാരത്തോടെ 210 രൂപയായി ഉയർന്നു. അതായത് ഒരു ചെറു നാരങ്ങക്ക് മാത്രം ഏകദേശം ഒമ്പത് രൂപയായി വില. ഇതോടെ ബേക്കറി ഉടമകളും കൂൾഡ്രിങ്സ് വില്പനക്കാരും നാരങ്ങാവെള്ളത്തിന് വില അഞ്ച് രൂപയോളം ഒറ്റയടിക്ക് വർധിപ്പിച്ചു. ഇതോടെ നാരങ്ങാ വെള്ളത്തിന് 10 രൂപയിൽ നിന്ന് 15 രൂപയായി. ഇതോടൊപ്പം 15 രൂപ ഉണ്ടായിരുന്ന സോഡാ നാരങ്ങ സർബത്തിന് വില 20 രൂപയായും വർധിപ്പിച്ചു.
ഒരു കെയ്സ് സോഡ 60 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇപ്പോൾ 100 രൂപയ്ക്ക് മുകളിലായതും വില വർധിപ്പിക്കാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു. വ്യാപാരികളിൽ ഒരു വിഭാഗം മാത്രമാണ് നിലവിൽ വില ഉയർത്തിയിരിക്കുന്നത്. പകൽ സമയത്തെ കടുത്ത ചൂടിൽ തളരുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ ആശ്വാസമായിരുന്നു നാരങ്ങാ വെള്ളം. ചെറു നാരങ്ങയുടെ വില ഇനിയും കുതിച്ചാൽ നാരങ്ങാ വെള്ളംകുടി മുട്ടുമെന്നതാണ് സ്ഥിതി.
റംസാൻ വ്രതം ആരംഭിച്ചതോടെ നാരങ്ങയ്ക്ക് ആവശ്യക്കാരേറെയാണ്. ഒപ്പം ഉല്പാദനം ശുഷ്ക്കമായതും ചെറുനാരങ്ങയുടെ വില വർധിക്കാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. മേട്ടുപാളയം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്.
English Summary: Lemonade is will be a luxury drink
You may like this video also