Site iconSite icon Janayugom Online

വ്യഭിചരിച്ച സ്ത്രീക്ക് മോക്ഷം നൽകുന്ന രാമൻ

ലൈംഗിക വഞ്ചന വ്യഭിചാരമാണ്. വ്യഭിചാരം വലിയ തിന്മയാണെന്ന് രാമായണവും ബൈബിളും ഖുർആനും ഒരേ സ്വരത്തിൽ പറയുന്നത് ആ തിന്മ കുടുംബം തകർക്കും എന്നതിനാലാണുതാനും. വഞ്ചന കുടുംബജീവിതത്തെ മാത്രമല്ല ഏതു തരത്തിലുള്ള കൂട്ടുബന്ധങ്ങളെയും തകർക്കുമല്ലോ. അതിനാൽ വഞ്ചന ഇല്ലാതിരിക്കുന്നതാണ് നൽവാഴ്‌വിനു നല്ലത്. പക്ഷേ വ്യഭിചാരം വലിയ തിന്മയാണെന്നു പറയുമ്പോഴും രാമനും ബുദ്ധനും ക്രിസ്തുവും ഒക്കെ വ്യഭിചരിച്ചവരോടു പൊറുക്കുന്ന സന്ദർഭങ്ങളും കാണാം. രാമായണത്തിൽ അഹല്യക്ക് മോക്ഷം നൽകുന്ന ശ്രീരാമ നടപടി മേൽപ്പറഞ്ഞതിനു ദൃഷ്ടാന്തമാണ്. ഏതു തെറ്റുചെയ്തവർക്കും ഉള്ളിൽത്തട്ടിയ കുറ്റബോധം ഉണ്ടാവുകയാണെങ്കിൽ അവരോടു പൊറുക്കുക തന്നെ വേണം.

പശ്ചാത്താപമാകുന്ന അഗ്നിയാൽ ശുചിയാകാത്ത മഹാപാപങ്ങൾ ഇല്ല. ഈ നിലയിൽ അഹല്യ മാപ്പർഹിക്കുന്നുണ്ട്. ശ്രീരാമ സമാഗമത്തോടെ ശാപമോക്ഷം നേടിയ അഹല്യയെ കൂടെ പാർപ്പിക്കാൻ ഗൗതമ മഹർഷി തയ്യാറായതും മഹത്തരമായ കാര്യമാണ്. പക്ഷേ വ്യഭിചരിച്ച അഹല്യക്ക് മോക്ഷം നൽകിയ രാമൻ തന്നെ, രാവണൻ ബലം ഉപയോഗിച്ച് ലങ്കയിൽക്കൊണ്ടു പാർപ്പിച്ച സീതാദേവിയിൽ, ഒരു അലക്കുകാരന്‍ വിടുവായത്തത്തിലൂടെ ആരോപിച്ച വ്യഭിചാരഭാവത്തെ ആധാരമാക്കി അവരെ കാട്ടിൽ തള്ളി. ഈ സീതാപരിത്യാഗ നടപടിയുടെ ന്യായധർമ്മങ്ങൾ എത്ര കടുത്ത ശ്രീരാമ ഭക്തനും ബോധ്യപ്പെടുവാൻ പ്രയാസമാണ്. അഗ്നിപരീക്ഷ ചെയ്തു ചാരിത്രശുദ്ധി തെളിയിച്ച ശേഷമാണ് സീതയെയും കൂട്ടി രാമൻ ലങ്കയിൽ നിന്നു അയോധ്യയിൽ തിരിച്ചെത്തി ചെങ്കോലും കിരീടവും ധരിക്കുന്നത്. എന്നിട്ടും ഒരാൾ കള്ളുകുടിച്ചു ലക്കുകെട്ട നിലയിൽ രാവണലങ്കയിൽ പാർത്ത സീതയെപ്പറ്റി നടത്തിയ പുലമ്പലിനെപ്രതി ഗർഭവതിയായ സീതയെ കാട്ടില്‍ത്തള്ളിയ ശ്രീരാമ നടപടിയിൽ രാജധർമ്മം ഇല്ലെന്നു മാത്രമല്ല ധർമ്മവിധിയനുസരിച്ചു നടത്തിയ അഗ്നിപരീക്ഷയോടുള്ള അവിശ്വാസവും പ്രകടമാണ്.

തെറ്റു ചെയ്ത ഗൗതമപത്നി അഹല്യക്കു ശാപമോക്ഷം നൽകിയ ശ്രീരാമന്റെ കാരുണ്യം, തെറ്റു ചെയ്യാത്ത സീതയിൽ വ്യഭിചാര കളങ്കം ചാർത്തി കാട്ടിൽ തള്ളിയപ്പോൾ എന്തുകൊണ്ടു പ്രവർത്തനക്ഷമമായില്ല എന്ന സന്ദേഹം രാമായണ പാരായണം നടക്കുമ്പോഴൊക്കെ സീതയെ മാതൃകയാക്കുന്ന ഏതൊരാളിലും ഉണ്ടാവും. പിഴച്ച അഹല്യക്ക് ഒരു നീതി, പിഴയ്ക്കാത്ത സീതയ്ക്ക് വേറൊരു നീതി എന്നതാണോ രാമരാജ്യ ധർമ്മം എന്നിങ്ങനെ സാമാന്യബോധമുള്ളവരെല്ലാം കുമാരനാശാനോടൊപ്പം ചോദിച്ചുകൊണ്ടിരിക്കും. രാമനാൽ കാട്ടിലുപേക്ഷിക്കപ്പെട്ട സീതയും രാമനാൽ ശാപമോക്ഷം നേടി കാനനത്തിലെ പർണശാലയിൽ ഗൗതമമുനിയോടു കൂടി ദാമ്പത്യ ജീവിതം പുനരാരംഭിച്ച അഹല്യയും ഒന്ന് കണ്ടുമുട്ടിയിരുന്നെങ്കിൽ, രാമന്റെ ധർമ്മരാജ്യത്തെപ്പറ്റി എന്തൊക്കെയാവും പറയുക എന്നു വിഭാവനം ചെയ്തു വാല്മീകിയുടെ മൗനങ്ങളെ പൂരിപ്പിക്കുവാൻ, കൈരളിയിലെ രണ്ടാമൂഴ വിസ്മയപ്രതിഭകൾ ശ്രമിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.

Exit mobile version