Site iconSite icon Janayugom Online

എല്ലാ സ്കൂളുകളും മികസ്ഡാക്കണം; ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കട്ടെ: ബാലാവകാശ കമ്മിഷൻ

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സ്കൂളുകൾ വേണ്ടെന്നും സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ബാലാവകാശ കമ്മിഷൻ. അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിച്ച് കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവിറക്കിയത്. സഹവിദ്യാഭ്യാസത്തിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്ക്കരണം നടത്താനുമാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. 

ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്ന് മാസത്തിനകം കമ്മിഷന് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്ഇആർടി ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ നിർദേശം നൽകി. സംസ്ഥാനത്ത് നിലവിൽ 280 പെൺസ്കൂളുകളും 164 ആൺ സ്കൂളുകളുമാണുള്ളത്. പെൺസ്കൂളുകളിൽ 83 സർക്കാർ, 184 എയ്ഡഡ്, 13 അൺ എയ്ഡഡ് മേഖലയിലാണ്. ആൺകുട്ടികൾക്കായി 68 സർക്കാർ, 90 എയ്ഡഡ്, ആറ് അൺ എയ്ഡഡ് സ്കൂളുകളുമുണ്ട്.

തിരുവനന്തപുരം നഗരത്തിൽ മാത്രം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒമ്പത് സ്കൂളുകളാണ് പ്രത്യേകമായുള്ളത്. ഇത്തരം സ്കൂളുകളിൽ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. സഹവിദ്യാഭ്യാസം നടപ്പാക്കിയാൽ മാത്രമെ ലിംഗസമത്വം ഉറപ്പാക്കാനും കുട്ടികളിൽ മാനസിക വൈകാരിക‑സാമൂഹിക ആരോഗ്യം വളർത്തിയെടുക്കാനും കഴിയൂവെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.

Eng­lish Summary:Let chil­dren learn regard­less of gen­der: COMMISSION FOR PROTECTION OF CHILD RIGHTS
You may also like this video

Exit mobile version