Site iconSite icon Janayugom Online

ചന്ദനക്കൃഷി ചെയ്യാം…നേട്ടങ്ങളേറെ

കേരളത്തിലെ കാലാവസ്ഥയില്‍ ദീർഘകാലാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മികച്ചൊരു വൃക്ഷവിളയാണ് ചന്ദനമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു. ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും വിൽക്കുന്നതും വനംവകുപ്പുവഴി മാത്രമായിരിക്കണം. ചന്ദനം വളർത്തിയാൽ കേസും പുകിലുമെന്നും മുറിക്കുന്ന കാലത്ത് ലഭിക്കുന്ന വിലയിൽ നല്ലൊരു പങ്കും സർക്കാർ കൊണ്ടുപോകുമെന്നും കരുതുന്നവരും ഏറെ. എന്നാൽ, ചന്ദനക്കൃഷിയും വില്പനയും പേടിക്കേണ്ടതില്ല എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു.
ചന്ദനം
അർധപരാദ സസ്യമാണ് ചന്ദനം. അതായത് മറ്റു സസ്യങ്ങളുടെ വേരുകളിൽനിന്ന് പോഷണങ്ങൾ വലിച്ചെടുത്താണ് വളരുക. മഗ്നീഷ്യം, ഫോസ്‌ഫറസ് പോലുള്ള മൂലകങ്ങൾ പ്രത്യേകിച്ചും. ചന്ദനം നട്ടുവളർത്തുമ്പോൾ തൈകൾ നടുന്നതിനൊപ്പം തന്നെ അതിന് അനുയോജ്യമായ സസ്യങ്ങൾകൂടി നട്ടുവളർത്തേണ്ടതുണ്ട്. ആരംഭഘട്ടത്തിൽ പൊന്നാങ്കണ്ണി ചീര, തൊട്ടാവാടി, തുവര തുടങ്ങിയവയാണ് ഉചിതം. ഒരു വർഷം പിന്നിടുമ്പോൾ ശീമക്കൊന്ന, നെല്ലി, പേര, ഇല്ലി, കണിക്കൊന്ന തുടങ്ങിവയൊക്കെ പരിസരത്ത് വേണം. ഉങ്ങ് മരവും ചന്ദനത്തിന്റെ ആതിഥേയ മരങ്ങളിൽ പെടും.
നന്നായി വെയിൽ ഏൽക്കുന്നിടത്തും നീർവാഴ്ചയുള്ളിടത്തുമായിരിക്കണം ചന്ദനത്തൈ നടേണ്ടത്. സൂര്യപ്രകാശവും ആതിഥേയ സസ്യങ്ങളും ഉണ്ടെങ്കിൽ 20 വർഷംകൊണ്ട് മികച്ച വളർച്ച നേടി മുറിക്കാൻ പരുവമാകും. അഞ്ചടിയില്‍ 50 സെന്റീ മീറ്റര്‍ ചുറ്റുവണ്ണം ആയിട്ടുണ്ടെങ്കിൽ മുറിക്കാൻ പാകമായി. ഒറ്റത്തടിയായി വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവട്ടിൽനിന്നുതന്നെ രണ്ടു ശിഖരങ്ങളായി വളരാൻ സാധ്യതയുണ്ട്. അത് തടി വണ്ണംവയ്ക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ചുവട്ടിൽനിന്ന് രണ്ടു ശിഖരംപോലെ വളര്‍ന്നാൽ ഒന്നു മുറിച്ചുമാറ്റണം.
നടീൽ രീതി
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ചന്ദനക്കൃഷിക്ക് ഏറെ അനുയോജ്യം. ഒരുപാട് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും മൂന്നാർ പോലുള്ള പ്രദേശങ്ങളിലും ഒഴികെ ചന്ദനം കൃഷി ചെയ്യാം.
മേയ് മാസത്തിൽ നടീലിനായുള്ള ശ്രമം തുടങ്ങാം. രണ്ടു ചെടികൾ തമ്മിൽ ഒമ്പത് അടി അകലം ഉചിതം. കുഴികൾ തീര്‍ത്ത് ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്, കരിയില എന്നിവ നിറയ്ക്കാം. പുതുമഴ പെയ്ത് മണ്ണ് പരുവപ്പെട്ടശേഷം മേൽമണ്ണ് വെട്ടിയിട്ട് കുഴിമൂടണം. അല്പം പൊക്കി വേണം കുഴിമൂടാൻ. ഇവിടേക്ക് ആതിഥേയ സസ്യങ്ങളായ പൊന്നാങ്കണ്ണി ചീര, തൊട്ടാവാടി, വൻപയർ പോലുള്ളവ നടണം. ശേഷം നല്ല കരുത്തുള്ള ഒരടി പൊക്കമുള്ള തൈകൾ തിരഞ്ഞെടുത്ത് ഒരു പിള്ളക്കുഴിയെടുത്ത് നടാം. നട്ടുകഴിയുമ്പോൾ കാറ്റുപിടിക്കാതിരിക്കാൻ താങ്ങ് നൽകുകയും വേണം. രണ്ടു വർഷം വേനൽക്കാലത്ത് ചെറിയ തോതിൽ നനച്ചു കൊടുക്കണം. പിന്നീടുള്ള വർഷങ്ങളിൽ അതിന്റെ ആവശ്യമില്ല. ചുറ്റുവട്ടത്ത് മേൽ സൂചിപ്പിച്ച മറ്റു ആതിഥേയ വിളകൾ നടാം. അധിക വരുമാനത്തിന് ഇത്തരം വൃക്ഷങ്ങളിൽ കുരുമുളകുവള്ളികൾ വളർത്താം. ചന്ദനത്തൈകൾക്ക് മുകളിൽ മറ്റു വിളകൾ വളരാൻ പാടില്ല.
അഞ്ചടി ഉയരത്തിൽ 50 സെന്റീ മീറ്റര്‍ ആയാൽ ചന്ദനം മുറിക്കാൻ പാകമായി. ഈ വലുപ്പത്തിൽ എത്തുന്നതിനു മുമ്പും മുറിക്കാൻ കഴിയും. എന്നാൽ, അതിന് കാരണം എന്താണെന്ന് ബോധിപ്പിക്കണം. മുറിക്കാൻ പാകമായാൽ അതാത് പ്രദേശത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർക്ക് വെള്ളപ്പേപ്പറിൽ അപേക്ഷ നല്‍കണം. അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കും. ഈ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ട്രീ കമ്മിറ്റിയെ നിയോഗിക്കും. ഈ കമ്മിറ്റിയിൽ തഹസിൽദാർ, കൃഷി ഓഫിസർ, ഫോറസ്റ്റ് കൺസർവേറ്റർ തുടങ്ങിയവരൊക്കെ ഉണ്ടാകും. ഈ കമ്മിറ്റി മരം പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറും. അദ്ദേഹത്തിനാണ് മുറിക്കാൻ ഉത്തരവിടാനുള്ള അധികാരം.
മുറിച്ച് മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിക്കുന്ന ചന്ദനമുട്ടികളും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. ഏകദേശം ആറു മാസമാണ് ഇതിനായി വേണ്ടിവരിക. പിന്നീട് ചെത്തിയൊരുക്കി ലേലത്തിൽ വയ്ക്കും. ലേലത്തിൽ വില്പന നടക്കുന്നതനുസരിച്ച് തുക ഉടമയുടെ അക്കൗണ്ടിലെത്തും.
ചന്ദനം കൃഷി ചെയ്യുന്നത് പട്ടയഭൂമിയിൽ ആയിരിക്കണം. യാതൊരുവിധത്തിലുള്ള സർക്കാർ ബാധ്യതയുള്ള ഭൂമിയോ പുറമ്പോക്കു ഭൂമിയോ കയ്യേറ്റ ഭൂമിയോ ആദിവാസി ഭൂമിയോ ആകാൻ പാടില്ല. ഫോണ്‍: 8921313798

Exit mobile version