Site iconSite icon Janayugom Online

കരാര്‍ പാലിക്കാം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം: കേന്ദ്ര ജലകമ്മിഷനോട് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ കുശ്‌വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിന് കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം തയാറാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ജല കമ്മിഷനെ അറിയിച്ചു. കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്തു പുതിയ ഡാം നിര്‍മിക്കണം. അതുവഴി ജനങ്ങള്‍ക്കുള്ള ആശങ്ക നീക്കണം. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറന്‍സ് നിശ്ചിയിക്കാന്‍ തമിഴ്‌നാടിനോട് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം എത്രയും വേഗം പൂര്‍ത്തിയാക്കി പുതിയ ഡാം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

1958 ല്‍ ഒപ്പിട്ട പറമ്പികുളം — ആളിയാര്‍ കരാര്‍ പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനോടകം രണ്ട് പുനഃപരിശോധനകള്‍ നടത്തേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രളയം ഉണ്ടായാല്‍ അടിയന്തര കര്‍മ്മ പദ്ധതികള്‍ തയാറാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട സിഡബ്ല്യുസിയുടെ കൈവശം ഉള്ള മാപ്പ് നല്‍കണമെന്നും മന്ത്രി കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പികുളം ഡാമില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.

Eng­lish Summary;Let’s keep the agree­ment, we need a new dam in Mul­laperi­yar: Min­is­ter Roshi Augus­tine to Cen­tral Water Commission
You may also like this video

Exit mobile version