Site iconSite icon Janayugom Online

മനസ് കൈവിടാതെ സൂക്ഷിക്കാം;കരുതലേകാൻ സർക്കാർ

പൊതുജനങ്ങളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും കരുതൽ ഉറപ്പാക്കി സംസ്ഥാന സർക്കാർ. മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യതലത്തിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ കൂടുതൽ ശക്തമാക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതിനായുള്ള ‘ആശ്വാസം’, ‘സമ്പൂർണ മാനസികാരോഗ്യ പദ്ധതി’ എന്നിവ രണ്ട് വർഷത്തിനുള്ളിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ആശ്വാസം പദ്ധതിയിൽ കണ്ടെത്തിയത് 21,100 വിഷാദ രോഗികളെയാണ്. ഇതുവരെ പദ്ധതി നടപ്പിലാക്കിയ 403 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ 1,31,514 പേരെ പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചത്. പദ്ധതി പ്രകാരം കുടുംബാരോഗ്യകേന്ദ്രങ്ങളിൽ പിഎച്ച്ക്യു9 എന്ന ചോദ്യാവലിയുപയോഗിച്ചാണ് വിഷാദരോഗമുള്ളവരെ കണ്ടെത്തിയത്. മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ നൽകാനുമുള്ള പരിശീലനം, കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഹെൽത്ത് വർക്കർമാർക്കും നഴ്‌സുമാർക്കും നൽകിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ജില്ലാ മാനസികാരോഗ്യപരിപാടിയിലേക്ക് രോഗികളെ റഫർ ചെയ്യാനുള്ള സംവിധാനവും ഉണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും നടപ്പിലാക്കുന്നതിലൂടെ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്പൂർണ മാനസികാരോഗ്യപദ്ധതി വഴി ആശാപ്രവർത്തകരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്നങ്ങളും വൈകല്യങ്ങളും രോഗങ്ങളും ഉള്ളവരെ കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ തന്നെ ചികിത്സയും മറ്റ് സേവനങ്ങളും ലഭ്യമാക്കും. ഇതിലൂടെ മാനസികാരോഗ്യചികിത്സ പ്രാഥമികാരോഗ്യതലത്തിൽ തന്നെ ലഭ്യമാക്കാനും ചികിത്സ മുടങ്ങുന്നവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും കഴിയും. ഈ പദ്ധതി വഴി രോഗികൾക്ക് അവരുടെ പഞ്ചായത്തിൽ തന്നെ മനോരോഗ ചികിത്സ ഉറപ്പാക്കും. ഇതു വരെ 584 ഗ്രാമപഞ്ചായത്തുകളിലായി 29,060 പേരെ പുതുതായി കണ്ടെത്തി ചികിത്സയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രം വഴി ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശാപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതിയും എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുവാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
മാനസികാരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പ് വരുത്താനായി എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 308 ക്ലിനിക്കുകൾ വഴി മാസംതോറും അൻപതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും മറ്റ് മാനസികാരോഗ്യസേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. രോഗികൾക്ക് ഏറ്റവും അടുത്ത് ചികിത്സ ലഭ്യമാക്കുന്നതിന് പുറമേ പൊതുജനങ്ങൾക്കായുള്ള മാനസികാരോഗ്യബോധവല്‍ക്കരണ പരിപാടികൾ, ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ആരോഗ്യപ്രവർത്തകർ എന്നിവർക്കുള്ള മാനസിക പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവയും ജില്ലാ മാനസികാരോഗ്യപരിപാടിയുടെ പ്രവർത്തനങ്ങളിലുണ്ട്. 

Exit mobile version