Site icon Janayugom Online

എല്‍ഐസി ഐപിഒ അവസാനിച്ചു; വിട്ടുനിന്ന് വിദേശനിക്ഷേപകര്‍

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) പ്രാരംഭ വില്പനയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വിട്ടുനിന്നു. ഇന്ത്യന്‍ രൂപയുടെ ദുര്‍ബലാവസ്ഥയും ആഗോള വിപണി സാഹചര്യങ്ങളും കണക്കിലെടുത്തായിരുന്നു വിദേശ നിക്ഷേപകര്‍ ഐപിഒയില്‍ നിന്ന് ഒഴിഞ്ഞു നിന്നതെന്നാണ് സൂചന. എല്‍ഐസി ഐപിഒ അവസാനിക്കുമ്പോള്‍ അര്‍ഹരായ സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തില്‍ എട്ട് ശതമാനം മാത്രമാണ് വിദേശനിക്ഷേപം. ഐപിഒയ്ക്ക് മുന്നോടിയായി തുടക്കത്തില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനായി നിയമങ്ങളില്‍ വരെ മാറ്റം വരുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഐപിഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വിഹിതത്തില്‍ നോര്‍വേ, സിംഗപുര്‍ സോവറിന്‍ ഫണ്ടുകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എങ്കിലും ഈ വിഭാഗത്തില്‍ ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ക്കാണ് മുന്‍തൂക്കം. ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്ക് വര്‍ധിപ്പിച്ചതും നിലവിലെ ഭൗമ രാഷ്ട്രീയ പരിമുറുക്കങ്ങളും വിദേശ നി‍ക്ഷേപകരെ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതുതന്നെയാകാം എല്‍ഐസി ഐപിഒയില്‍ നിന്നും അവര്‍ നിട്ടുനില്‍ക്കാനുള്ള കാരണമെന്നും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം ഇന്‍വെസ്റ്റേഴ്സ് സഹസ്ഥാപക വിദ്യ ബാല പറയുന്നു.

ഇന്ത്യയുടെ ‘അരാംകോ മൂവ്മെന്റ്’ എന്നാണ് എല്‍ഐസി ഐപിഒയെ വിശേഷിപ്പിക്കുന്നത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ 29.4 ദശലക്ഷം ഡോളറിനാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഈ തുകയ്ക്ക് സമാനമായ അപേക്ഷകള്‍ ലഭിച്ചെങ്കിലും എല്‍ഐസി ഐപിഒയില്‍ ഭൂരിപക്ഷവും ആഭ്യന്തര നിക്ഷേപകരാണെന്നുള്ളതാണ് ശ്രദ്ധേയം. എല്‍ഐസി ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില വളരെ കൂടുതലാണെന്നും വിദേശനിക്ഷേപകര്‍ കണക്കാക്കുന്നു. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടിയുടെ ധനസമാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരിയുടെ വില.
ആദ്യം അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു. എല്‍ഐസി ഐപിഒയുടെ ആകെ അപേക്ഷകരുടെ എണ്ണം മൂന്ന് മടങ്ങാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ച മൂന്നിലൊന്ന് ഓഹരികള്‍ക്കും ആവശ്യക്കാരുണ്ടായില്ല.

Eng­lish Sum­ma­ry: LIC IPO ends; For­eign investors away

You may like this video also

Exit mobile version