Site icon Janayugom Online

എല്‍ഐസി ഐപിഒ: മെയ് 12 വരെ സമയം

പൊതുമേഖലാ സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന മെയ് മാസം വരെ നീണ്ടേക്കാം. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവില്‍ സെബിയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം മെയ് 12 വരെ ഐപിഒ നടത്താന്‍ എല്‍ഐസിക്ക് സമയം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 78,000 കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രത്തിന്റെ ലക്ഷ്യം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ എല്‍ഐസി 31 കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് എല്‍ഐസി ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയത്. ഐപിഒയ്ക്ക് അനുമതി ലഭിച്ചിട്ടും പൂര്‍ണമായ കണക്കുകള്‍ വിശദീകരിക്കുന്ന രേഖ എല്‍ഐസി സമര്‍പ്പിക്കാന്‍ വൈകുകയാണ്. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടമാണ് ഐപിഒ തിയതി പ്രഖ്യാപിക്കുന്നതില്‍ നിന്ന് എല്‍ഐസിയെ പിന്തിരിപ്പിക്കുന്ന ഘടകം. എന്നാല്‍ മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ എല്‍ഐസിയുടെ മൂല്യം അടക്കമുള്ള കാര്യങ്ങള്‍ പുനര്‍ നിര്‍ണയിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 5.4 ട്രില്യണ്‍ രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.

Eng­lish Summary:LIC IPO: May 12
You may also like this video

Exit mobile version