പൊതുമേഖല ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ പ്രാഥമിക ഓഹരി വില്പനയുടെ (ഐപിഒ) നടപടികൾ ഉടനെയില്ലെന്ന് പറയുമ്പോഴും ഒരുക്കങ്ങള്‍ ഏറെക്കുറെ അവസാനഘട്ടത്തിലാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവൽക്കരണനടപടിയും ഓഹരിവില്പനയുമാണ് പൊതുമേഖലാ ഭീമനായ എൽഐസിയുടേത്. ഈ ഓഹരി വില്പനക്കെതിരെ രാജ്യവ്യാപകമായ എതിർപ്പ് ഉയർന്ന് വരികയാണ്. പ്രാരംഭമായി മൊത്തം ഓഹരികളുടെ അഞ്ച് ശതമാനം വരുന്ന 31.62 കോടി എണ്ണം ഓഹരികളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതുവഴി ഏകദേശം 65,000 കോടി മുതൽ 80,000 കോടി വരെ രൂപ സമാഹരിക്കുവാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. പ്രാരംഭസൂചനകളനുസരിച്ച് ആഗോളനിക്ഷേപകർ ഈ ഐപിഒയോട് വലിയ താല്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ ആസ്തി വില്പനവഴി കഴിഞ്ഞ സാമ്പത്തികവർഷം സമാഹരിച്ചതിന്റെ ഏകദേശം നാലിലൊന്ന് എൽഐസി ഐപിഒയിലൂടെ സമാഹരിക്കുവാൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രാരംഭമായി അഞ്ച് ശതമാനം ഓഹരികളാണ് ഇപ്പോൾ വിൽക്കുന്നതെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പത്ത് ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 25 ശതമാനവും വിൽക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അത് ഏത് ഘട്ടത്തിലും 51 ശതമാനം വരെ വിൽക്കാനും സാധ്യതയുണ്ട്. രണ്ടാം ഘട്ടത്തിൽ 8.6 ബില്യൺ ഡോളറും മൂന്നാം ഘട്ടത്തിൽ 34 ബില്യൺ ഡോളറും സമാഹരിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ അടുത്ത കുറച്ചു വർഷങ്ങൾകൊണ്ട് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്ന പൊതുമേഖലാസ്ഥാപനം സ്വകാര്യവിദേശ‑സ്വദേശ കുത്തകകളുടെ നിയന്ത്രണത്തിലാകുമെന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് എൽഐസിയാണ്. ലൈഫ് ഇൻഷുറൻസ് മേഖല പൂർണമായും ദേശസാൽക്കരിച്ചത് 1956ൽ ആണ്. ഇത് സ്ഥാപിക്കുന്ന ഘട്ടത്തിൽ 245 സ്വദേശ വിദേശ ഇൻഷുറൻസ് കമ്പനികളെ നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുക്കുകയുണ്ടായി. പൊതുജനങ്ങളുടെ പോളിസി നിക്ഷേപത്തിന് സർക്കാർ സുരക്ഷിതത്വമൊരുക്കുക, രാജ്യത്തെ വ്യവസായവൽക്കരണത്തിനും വികസനപ്രവർത്തനത്തിനും സാമ്പത്തിക പിന്തുണയൊരുക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇൻഷുറൻസ് ദേശസാൽക്കരണത്തിന് ഉണ്ടായിരുന്നത്. അഞ്ച് കോടി രൂപയുടെ മൂലധനത്തോടാരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ആസ്തി 36.7 ലക്ഷം കോടി രൂപയാണ്. രൂപീകരണ ഉദ്ദേശ്യമായി ‘പൊതുജനനിക്ഷേപം പൊതുജനക്ഷേമത്തിന്’ എന്നതിനെ അടിസ്ഥാനമാക്കിയാണ് എൽഐസി പ്രവർത്തിച്ചുവന്നത്. രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഇതുവരെ 32 ലക്ഷം കോടി രൂപ എൽഐസി ചെലവഴിച്ചു. അടിസ്ഥാന സൗകര്യവികസനം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വൈദ്യുതിവൽക്കരണം തുടങ്ങിയ മേഖലകളിൽ 24 ലക്ഷം കോടി രൂപയും വിവിധ ക്ഷേമപദ്ധതികൾക്കായി 31 ലക്ഷം കോടി രൂപയും ഇതുവരെ ഈ സ്ഥാപനം ചെലവഴിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ റയിൽവേ വികസനത്തിന് ഒന്നര ലക്ഷം കോടിയും ദേശീയപാത വികസനത്തിന് ഒന്നേകാൽ കോടിയും എൽഐസി ചെലവഴിക്കുന്നുണ്ട്. രാജ്യത്തെ ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഏകദേശം പകുതിയോളം (49.87 ശതമാനം) കയ്യാളുന്നത് എൽഐസിയാണ്. ബാക്കി ഭാഗം വിവിധ 23 ഓളം സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളും. ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം പൊതുജനങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 28 ശതമാനത്തോളം എൽഐസിയിലാണ് എന്നത് ഈ സ്ഥാപനം ഇക്കാലമത്രയും ഊട്ടിവളർത്തിയെടുത്ത സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും ബാക്കിപത്രമാണ്.
ഇതുകൂടി വായിക്കാം; എൽഐസിയെ സ്വകാര്യവൽക്കരിക്കുമ്പോൾ
2021 ലെ “ആഗോള ഇൻഷുറൻസ് 100′ റിപ്പോർട്ട് ലോകത്തെ മൂന്നാമത്തെ സുശക്തവും സുരക്ഷിതവുമായ ബ്രാൻഡായാണ് എൽഐസിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. മൂല്യത്തിന്റെ കാര്യത്തിൽ ഇതിന് പത്താം സ്ഥാനവുമുണ്ട്. ലൈഫ് ഇൻഷുറൻസ് മേഖലയിൽ പ്രീമിയം വരുമാനത്തിന്റെ 66 ശതമാനവും പോളിസികളുടെ എണ്ണത്തിൽ 75 ശതമാനവും കയ്യടക്കി സ്വകാര്യമേഖലയുടെ പ്രവേശനത്തിന് ശേഷവും കഴിഞ്ഞ 20 വർഷമായി ഈ മേഖലയിൽ ആധിപത്യം തുടരുകയാണ് എൽഐസി. 2019–20 ൽ 2627 കോടി രൂപയുടെയും 2020–21 ൽ 2974 കോടി രൂപയുടെയും അറ്റാദായം എൽഐസി ഉണ്ടാക്കുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ 2.1 ലക്ഷം കോടി രൂപ വിതരണം ചെയ്തു. എൽഐസിയുടെ ഇപ്പോഴത്തെ പ്രാതിനിധ്യമൂല്യം (എംബഡഡ് വാല്യു) അഞ്ച് ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കേന്ദ്രപൊതു ആസ്തി വകുപ്പ് നിജപ്പെടുത്തിയിരിക്കുന്നത്. എൽഐസി കമ്പനിയിലെ ഭാവി പണമൊഴുക്കും ലാഭവും കണക്കാക്കിയാണ് പ്രാതിനിധ്യമൂല്യം കണക്കാക്കുന്നത്. ഇങ്ങനെ രാജ്യത്തിന് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികളാണ് പൊതുവിപണിയിൽ വിറ്റഴിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്. ആദ്യഘട്ടത്തിൽ ഒരു ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എങ്കിലും ഇപ്പോൾ 65,000 കോടിയായി കുറഞ്ഞു. പുത്തൻസാമ്പത്തിക നയങ്ങൾക്കനുസൃതമായ പരിഷ്കാരങ്ങൾ വിവിധ മേഖലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി 1991 ൽ നരസിംഹറാവു സർക്കാർ ഇൻഷുറൻസ് മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനായി മൽഹോത്ര കമ്മിറ്റിയെ നിയോഗിച്ചു. സ്വകാര്യമേഖലയ്ക്ക് ഇൻഷുറൻസ് മേഖലയിൽ പ്രവേശനം നൽകാനും എൽഐസിയുടെ മൂലധനം അഞ്ച് കോടിയിൽ നിന്ന് 100 കോടിയായി ഉയർത്താനും മൊത്തം ഓഹരികളിൽ 50 ശതമാനം വിപണിയിൽ വിറ്റഴിക്കാനും മൽഹോത്ര കമ്മിറ്റി ശുപാർശ ചെയ്തു. രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനായില്ല. എന്നിരുന്നാലും 1999ൽ വാജ്പേയി സർക്കാർ സ്വകാര്യമേഖലയ്ക്ക് ഇൻഷുറൻസ് മേഖലയിൽ പ്രവേശനം അനുവദിച്ചുകൊടുത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി സ്വകാര്യവിദേശ മൂലധനകുത്തകകൾ ഇന്ത്യൻ ഇൻഷുറൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപമിറക്കാൻ വൻശ്രമങ്ങൾ നടത്തിവരികയാണ്. ജനസംഖ്യ 139 കോടിയോളം വരുന്ന നമ്മുടെ രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ വിപണിയായാണ് ആഗോള മൂലധനകുത്തകകൾ വിലയിരുത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ഇൻഷുറൻസ് പേനട്രേഷൻ(പ്രീമിയം-ജിഡിപി ശതമാനം) 4.2 ശതമാനമാണ്. ഇത് ലോകശരാശരി (7.4 ശതമാനം) യേക്കാൾ വളരെ താഴെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ ഇൻഷുറൻസ് വിപണിയെ വിപുലപ്പെടുത്താനും വൻലാഭം കൊയ്യാനും ധാരാളം സാധ്യതകൾ ഉള്ളതായാണ് മൂലധനനിക്ഷേപകർ വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക വിപണി മേഖലകളിൽ പഠനം നടത്തുന്ന “ക്രിസിൽ റിസർച്ച്’ നടത്തിയ സർവേ വെളിവാക്കിയിരിക്കുന്നത് വയോജന ജനസംഖ്യയിൽ അടുത്ത 30 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് വൻ വർധനവ് ഉണ്ടാകുമെന്നാണ്. വയോജന ജനസംഖ്യ 2015ൽ 116.8 മില്യൺ ആയിരുന്നത് 2050 ൽ 316.8 മില്യൺ ആയിത്തീരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഭാവിയിൽ പെൻഷൻ പോളിസികൾക്കും ആനിറ്റി പോളിസികൾക്കും വലിയ ആവശ്യകത സൃഷ്ടിക്കും.
ഇതുകൂടി വായിക്കാം; എൽഐസിയെ കൊല്ലരുത്
രാജ്യത്തെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്റ്റാറ്റ്യൂട്ടറി പെൻഷനുകൾ നാഷണൽ പെൻഷൻ സ്കീമുകളിലേക്ക് മാറ്റിയത് ഭാവിയിൽ പെൻഷൻ പോളിസികൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവുമൊടുവിൽ പിഎഫ്ആർഡിഎ അധികൃതർ വെളിപ്പെടുത്തുന്നത് അവർ കണക്കാക്കിയ രീതിയിൽ മാർച്ച് 2021 ൽ ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നാണ്. ഇതെല്ലാം മൂലധനശക്തികളെ എൽഐസിയിൽ കയറിക്കൂടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. എൽഐസി ഓഹരി വില്പന 40 കോടിയിലേറെ വരുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ പോളിസി ഉടമകളെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോൾ ലാഭവിഹിതത്തിന്റെ 10 ശതമാനം കേന്ദ്രസർക്കാരിനും ബാക്കി 90 ശതമാനം പോളിസി ഉടമകൾക്കുമാണ്. ഓഹരി വില്പന കഴിയുമ്പോൾ പോളിസി ഉടമകളുടെ ലാഭവിഹിതത്തിൽ വലിയ കുറവുണ്ടാകും. പ്രീമിയം നിരക്കിലും വലിയ വർധനവാണ് ഉണ്ടാവാൻ പോകുന്നത്. എൽഐസിയിലെ ഇപ്പോഴത്തെ വാർഷിക ശരാശരി പ്രീമിയം 16,500 രൂപയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് 80,000 രൂപയുമാണ്. ഇത് വഴി എൽഐസിയുടെ പ്രീമിയം നിരക്ക് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്കിലേക്ക് ഉയരും. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, വയോവന്ദൻ യോജന, അടൽ പെൻഷൻ യോജന തുടങ്ങി രാജ്യത്തെ 13 ഓളം പെൻഷൻ പദ്ധതികളും മിക്കവാറും എല്ലാ സാമൂഹ്യസുരക്ഷാപദ്ധതികളും എൽഐസിയുടെ സാമ്പത്തിക പിന്തുണകളുടെയും പങ്കാളിത്തത്തോടെയുമാണ് നടപ്പിലാക്കിവരുന്നത്. ഓഹരി വില്പനയിലൂടെ ഉള്ള സ്വകാര്യ മേഖലയുടെ കടന്നു കയറ്റവും അവരുടെ ലാഭക്കൊതിയും രാജ്യത്തെ സാമൂഹിക സുരക്ഷാപദ്ധതികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കും. കൂടാതെ സാമൂഹിക സേവന മേഖലകളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുകയും അവിടെ സ്വകാര്യമേഖലയെ നിയോഗിക്കുകയുമാണ്. ഇതിന്റെയൊക്കെ ഫലമായി എൽഐസിയിൽ നിന്നും കേന്ദ്രസർക്കാരിന് ലഭിച്ച് വരുന്ന വൻതോതിലുള്ള സാമ്പത്തിക പിന്തുണ ഭാവിയിൽ ഇല്ലാതാകുകയും അത് കുത്തക മുതലാളിമാർക്ക് ലഭിക്കുകയും ചെയ്യും. ഇൻഷുറൻസ് പരിരക്ഷ പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ നഗരകേന്ദ്രീകൃതമാകുകയും ഗ്രാമീണമേഖലക്കും സാമൂഹിക സാമ്പത്തിക ദുർബലർക്കും അപ്രാപ്യമാകുകയും ചെയ്തു. ഇൻഷുറൻസിന്റെ സുരക്ഷിതത്വവും സുതാര്യതയും ഭാവിയിൽ ഇല്ലാതാകും. കാരണം ലാഭം മാത്രം ലക്ഷ്യമാക്കുന്നതിന്റെ ഫലമായി ഈ മേഖലയിൽ കടുത്ത മത്സരം വളർന്നു വരികയും ഇൻഷുറൻസ് മേഖലയിൽ വലിയ അരാജകത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യും. 2008ൽ ലോകസാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കൻ ഇൻഷുറൻസ് ഭീമനായ എഐജി തകർന്നടിയുകയും അതിന്റെ ഫലമായി ലക്ഷം കോടി കണക്കിന് ഡോളർ അമേരിക്കയിലെ പോളിസി ഉടമകൾക്ക് നഷ്ടപ്പെടുകയും അമേരിക്കൻ ഇൻഷുറൻസ് മേഖല തകർന്നടിഞ്ഞതിന്റെയും അനുഭവം നമ്മുടെ മുമ്പിൽ ഇപ്പോഴുമുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് എഐജിയെ ആ തകർച്ചയിൽ നിന്ന് കരകയറ്റാനും കഴിഞ്ഞു. ഇന്ത്യയിൽ അത്തരത്തിൽ സംഭവങ്ങൾ ആവർത്തിച്ചാൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ തകർന്നടിയുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ജനസമ്പത്ത് ജനക്ഷേമത്തിന് എത്തിച്ചേരുന്നതിന് പകരം അത് സ്വകാര്യകുത്തകകളിൽ എത്തിച്ചേരും. എൽഐസിയുടെ ഓഹരി വില്പന രാജ്യതാല്പര്യത്തിനും ജനതാല്പര്യത്തിനും വിരുദ്ധമാണ്.