ഓഹരി വിപണിയില്‍ എല്‍ഐസിക്ക് വന്‍ തിരിച്ചടി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ റെക്കോഡ് നഷ്ടമാണ് എല്‍ഐസിക്കുണ്ടായത്. ലിസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഇഷ്യു വിലയില്‍ 30 ശതമാനം ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
673.70 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. എല്‍ഐസി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇഷ്യു വില അഞ്ച് ശതമാനം ഇടിഞ്ഞ് 709.70 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം എല്‍ഐസിക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 949 രൂപയായിരുന്നു എല്‍ഐസിയുടെ ഇഷ്യു വിലയായി നിശ്ചയിച്ചിരുന്നത്, പിന്നീട് ഇളവുകളോടെ മേയ് 17ന് 872 രൂപയ്ക്കാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
ആഗോള പണപ്പെരുപ്പം വര്‍ധിക്കുന്നതും സെന്‍ട്രല്‍ ബാങ്കുകള്‍ പണനയം കർശനമാക്കിയതുമാണ് എല്‍ഐസിക്ക് ഓഹരി വിപണിയില്‍ തിരിച്ചടിയായത്. എല്‍ഐസിയുടെ ഓഹരിയിലുണ്ടായ ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്. ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാന്‍ വേണ്ട പരിശോധനകള്‍ നടത്തുമെന്നും ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ എല്‍ഐസിയുടെ വിപണി മൂലധനം 4.3 ലക്ഷം കോടിയില്‍ താഴെയായി. വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഒരുമാസം തികയുന്നതിന് മുമ്പ് 1.7 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇഷ്യു വിലയായ 949 രൂപയില്‍ എല്‍ഐസിയുടെ വിപണി മൂലധനം ആറ് ലക്ഷമാണ്.
തുടര്‍ച്ചയായ പത്താം സെഷനിലും എല്‍ഐസി ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടിയുടെ ധനസമാഹരണം ലക്ഷ്യമിട്ട് മേയ് നാലുമുതല്‍ ഒമ്പത് വരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന നടത്തിയത്.
ഇതുവരെ നാല് സെഷനുകളില്‍ മാത്രമാണ് എല്‍ഐസി ഓഹരി വില ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 902 മുതല്‍ 949 രൂപയാണ് ഐപിഒയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എല്ലാ ഐപിഒകള്‍ക്കും ആവശ്യക്കാര്‍ വന്നതോടെ ഇഷ്യുവില ഷെയറിന് 949 രൂപയായി നിശ്ചയിക്കുകയായിരുന്നു.
English summary;LIC shares down 30%
You may also like this video;