കേരളത്തിലെയും തമിഴ്‌നാട്ടിലെയും അടക്കം 111 കറിമസാല കമ്പനികളുടെ ലൈസന്‍സ് കഴിഞ്ഞ മാസം റദ്ദാക്കിയതായി ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര അതോറിട്ടി (എഫ്എസ്എസ്എഐ) അറിയിച്ചു. ഉല്പാദനം അടിയന്തരമായി നിര്‍ത്തിവയ്ക്കാനും ഇവരോട് ആവശ്യപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. ചെറുകിട കമ്പനികളുടെ ലൈസന്‍സാണ് കൂടുതലും ഇല്ലാതാക്കിയത് എന്നതും ശ്രദ്ധേയമാണ്.
അര്‍ബുദത്തിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന്, ജനപ്രിയ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ ഉല്പന്നങ്ങള്‍ സിംഗപ്പൂരും ഹോങ്കോങ്ങും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ഏപ്രില്‍ മുതല്‍ രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കറിമസാലകളുടെ സാമ്പിള്‍ എഫ്എസ്എസ്എഐ അധികൃതര്‍ ശേഖരിച്ചിരുന്നു. നാലായിരം സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ പകുതിയെണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി. ബാക്കി പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
എവറസ്റ്റ്, എംഡിഎച്ച്, ക്യാച്ച്, ബാദ്ഷാ എന്നീ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളും നിരോധിച്ചതില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പല കമ്പനികളും ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. മഞ്ഞള്‍, മുളക്, കുരുമുളക്, മല്ലി, കറുവപ്പട്ട തുടങ്ങിയ പൊടികളിലാണ് മായം കണ്ടെത്തിയത്.
അന്നജം, അറക്കപ്പൊടി, കൃത്രിമ നിറങ്ങള്‍, മറ്റ് രാസസ്തുക്കള്‍ എന്നിവ കറി മസാലകളില്‍ ചേര്‍ത്ത് നിര്‍മ്മാണ ചെലവ് കുറയ്ക്കാനും അളവ് കൂട്ടാനും ഉല്പാദകര്‍ ശ്രമിച്ചു. ഇതിലൂടെ ഗുണനിലവാരത്തിലും ഭക്ഷ്യസുരക്ഷയിലും വീഴ്ചവരുത്തിയെന്നും എഫ്എസ്എസ്എഐ പറയുന്നു. മായം ചേര്‍ക്കുന്നത് സംബന്ധിച്ച പരാതി വ്യാപകമായതോടെ, ഇതിന് തടയിടാനായി അനുവദനീയമായ കീടനാശിനിയുടെ അളവ് 10 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് എഫ്എസ്എസ്എഐ അടുത്തിടെ പറഞ്ഞിരുന്നു.
English Summary: Licenses of 111 curry masala companies have been cancelled
You may also like this video