Site icon Janayugom Online

എൽഐസി പ്രാരംഭ ഓഹരിവില്പന വൈകിയേക്കും

റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽഐസി പ്രാരംഭ ഓഹരിവില്പന വൈകിയേക്കുമെന്ന് സൂചന. നടപ്പ് സാമ്പത്തിക വർഷത്തിൽ എൽഐസിയുടെ ഐപിഒ നടന്നേക്കില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

റഷ്യ ഉക്രെയ്നിൽ സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 2,400 പോയന്റിലേറെ സെൻസെക്സിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ലോകമാകെ ക്രൂഡോയിൽ വിലയിലുണ്ടായ വർധനയും ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് ഐപിഒ നടപടികൾ വൈകിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

ഐപിഒ കൃത്യസമയത്ത് നടന്നില്ലെങ്കിൽ ഈ സാമ്പത്തിക വർഷത്തിലെ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിരുന്ന ധനസമാഹരണത്തെ അത് ബാധിക്കും. എൽഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്പനയിലൂടെ 60, 000 കോടി രൂപ സമാഹരിക്കാനായിരുന്നു നീക്കം.

ഇത് ഉൾപ്പെടെ നടപ്പ് സാമ്പത്തിക വർഷം 78,000 കോടി രൂപ ആസ്തി വില്പനയിലൂടെ കണ്ടെത്താനായിരുന്നു കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നത്. അടുത്തിടെ എൽഐസിയിൽ 20 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകിയിരുന്നു.

ഇന്ത്യയുടെ ഇൻഷുറൻസ് രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്ന എൽഐസിയുടെ ഓഹരി വില്പന ഏറെ ആകാംക്ഷയോടെയാണ് നിക്ഷേപകർ ഉൾപ്പെടെ നോക്കിക്കാണുന്നത്.

കമ്പനിയുടെ നിലവിലെ പ്രമോട്ടർ രാഷ്ട്രപതിയാണ്. രാജ്യത്ത് വിൽക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെ 70 ശതമാനത്തിലധികം വിൽക്കുന്നത് എൽഐസിയാണ്. മൊത്തം പ്രീമിയത്തിന്റെ 65 ശതമാനം സ്വീകരിക്കുന്നതും എൽഐസി തന്നെയാണ്.

ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ ഐപിഒ മാറ്റിയേക്കുമെന്ന് സൂചന നൽകിയിരുന്നു. എൽഐസി ഐപിഒയുമായി മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായം.

ഇന്ത്യൻ സാഹചര്യം പരിഗണിച്ച് ഐപിഒയുമായി മുന്നോട്ട് പോകാനായിരുന്നു ഇതുവരെ തീരുമാനം. എന്നാൽ ആഗോള സാഹചര്യങ്ങൾ പുനരാലോചന വേണമെന്നാണ് നിർദേശിക്കുന്നതെങ്കിൽ അത് നടപ്പാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

eng­lish summary;LIC’s ini­tial pub­lic offer­ing may be delayed

you may also like this video;

Exit mobile version