Site iconSite icon Janayugom Online

ലൈഫ്‌ കരട്‌ പട്ടിക: ഒന്നാംഘട്ടം അപ്പീൽ ഇന്ന് വരെ

ലൈഫ് കരട് പട്ടികയിന്മേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ഇന്ന് രാത്രി 12 മണിക്കുള്ളിൽ ഓൺലൈനായി അറിയിക്കണം. ഈ സമയത്തിന്‌ ശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ല. വ്യാഴാഴ്ച വൈകിട്ട്‌‌ നാല് മണി വരെ 43,422 അപ്പീലുകളാണ്‌ ലഭിച്ചത്‌. ഇവയില്‍ 36,198 പേർ ഭൂമിയുള്ള ഭവനരഹിതരും 7224 പേർ ഭൂമി ഇല്ലാത്ത ഭവനരഹിതരുമാണ്‌. ഇതിന്‌ പുറമേ പൊതുജനങ്ങളുടെ ആറ് ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്‌. അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിൽപ്പെട്ടവർക്കും ക്ലേശ ഘടകങ്ങൾ പരിഗണിച്ചില്ലെന്ന് തോന്നുന്നവർക്കും മുൻഗണനാക്രമത്തിൽ അപാകതയുണ്ടെന്ന് പരാതി ഉള്ളവർക്കും അപ്പീൽ നൽകാം. ഭൂരഹിതർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീൽ അനിവാര്യമാണ്.
ഒരേ തദ്ദേശ സ്ഥാപനത്തിൽ വാർഡ് മാറുന്നതിനും തദ്ദേശ സ്ഥാപനം തന്നെ മാറുന്നതിനും അപ്പീൽ നൽകണം.

പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ട് എന്ന പരാതിയുണ്ടെങ്കിലാണ്‌ ആക്ഷേപം അറിയിക്കേണ്ടത്‌. ഒന്നാം ഘട്ടത്തിൽ സമർപ്പിക്കപ്പെട്ട അപ്പീലുകൾ ജൂൺ 29നകം തീർപ്പാക്കും. പഞ്ചായത്തുകളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയും നഗരസഭകളിൽ നഗരസഭാ സെക്രട്ടറിയും കണ്‍വീനറായ സമിതിയാണ്‌ അപ്പീൽ പരിശോധിക്കുന്നത്‌. ഇതിന്‌ ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന്‌ പ്രസിദ്ധീകരിക്കും. ജൂലൈ എട്ടിനകം രണ്ടാം ഘട്ട അപ്പീൽ നൽകാനാകും. കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ രണ്ടാം ഘട്ടം അപ്പീൽ പരിഗണിക്കുന്നത്‌.

ആദ്യഘട്ടം അപ്പീൽ നൽകിയിട്ടും പരിഹാരം ആകാത്തവർക്ക്‌ മാത്രമേ രണ്ടാം ഘട്ടം അപ്പീൽ നൽകാനാകൂ. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്ന് ഒഴിവായിപോയിട്ടില്ലെന്ന് ഉറപ്പാക്കാൻ അപ്പീലും ആക്ഷേപവും കൃത്യമായി അറിയിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചു.

Eng­lish sum­ma­ry; Life Draft List: Phase I appeal till today

You may also like this video;

Exit mobile version