കാസർകോഡ് ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖിനെയും മൂന്നാം പ്രതി അരുണിനെയുമാണ് കോടതി ശിക്ഷിച്ചത്.
കവർച്ചക്കിടെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയതിന് ഒന്നാം പ്രതി വിശാഖിനും രണ്ടാം പ്രതി അരുണിനും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. മറ്റു വകുപ്പുകളിൽ 17 വർഷം കഠിന തടവും 75000 രൂപ വീതം പിഴയുമൊടുക്കണം. പിഴ സംഖ്യയിൽ 50000 രൂപ വീതം ജാനകി ടീച്ചറുടെ ഭർത്താവും ഒന്നാം സാക്ഷിയുമായ കൃഷ്ണന് കൈമാറണം.
പിഴയടച്ചില്ലെങ്കിൽ നാല് വർഷവും 6 മാസവും അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ ദിനേശ് വർമ ഹാജരായി. കാസർകോഡ് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302,307,394,397,452 വകുപ്പുകളനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം പ്രതി റിനീഷിനെ വെറുതെ വിട്ടതിൽ അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള കാര്യത്തിൽ പ്രോസിക്യൂഷനുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മകൻ കെ മനോജ് പറഞ്ഞു.
2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മുഖം മൂടി ധരിച്ച് കവർച്ചക്കെത്തിയ സംഘം ജാനകി ടീച്ചറെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തു. 92000 രൂപയും, 17 പവൻ സ്വർണ്ണവുമാണ് വീട്ടിൽ നിന്ന് കവർന്നത്.
രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരും ജാനകി ടീച്ചറുടെ വിദ്യാർത്ഥികളുമായിരുന്ന വിശാഖ്, റിനീഷ്, അരുൺ എന്നിവരെ പിടികൂടിയത്. റിനീഷിനെതിരായ കുറ്റം തെളിയിക്കാനാവാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.
English summary;Life sentence for the accused in the Cheemeni Janaki teacher murder case
You may also like this video;