ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം നാളെ അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാം ഘട്ടം അപ്പീൽ നൽകാൻ കഴിയുക.
ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട അപ്പീൽ സമർപ്പണത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. അപ്പീൽ നൽകാനുള്ള അവസാന അവസരം എന്ന നിലയിൽ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ നിർദേശിച്ചു.
ഭൂമിയില്ലാത്ത ഭവനരഹിതരുടെ 778 അപ്പീലുകളും ഭൂമിയുള്ള ഭവനരഹിതരുടെ 5137 അപ്പീലുകളുമാണ് ഇതിനകം രണ്ടാം ഘട്ടത്തിൽ ലഭിച്ചത്. നിലവിൽ കരട് ഗുണഭോക്തൃ പട്ടികയിൽ 5,60,758 പേരാണുള്ളത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46377 പേരെ പട്ടികയിൽ കൂട്ടിച്ചേർത്തിരുന്നു.
ജൂലൈ എട്ട് വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.
പട്ടികയ്ക്ക് വാർഡ്/ഗ്രാമസഭയും പഞ്ചായത്ത്/നഗരസഭാ ഭരണസമിതിയും ഇതിന് ശേഷം അംഗീകാരം നൽകും. അനർഹർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ ഒഴിവാക്കാൻ വാർഡ്/ഗ്രാമസഭയ്ക്ക് അധികാരമുണ്ട്. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധികരിക്കുന്നത്.
English summary;LIFE: The second phase of appeal ends tomorrow
You may also like this video;