Site iconSite icon Janayugom Online

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദർശിച്ച് 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണ്. ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സർവേയായിരിക്കുമിത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും രോഗം കണ്ടെത്തിയവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സർവേ നടത്തുന്നത്. പ്രമേഹം, രക്താതിമർദ്ദം, സി.ഒ.പി.ഡി. തുടങ്ങിയ രോഗങ്ങളും ഓറൽ ക്യാൻസർ, സ്തനാർബുദം, സർവൈക്കൽ കാൻസർ തുടങ്ങിയ കാൻസറുകളുടേയും നിർണയമാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും അവരിൽ ഒരു പുതിയ ജീവിതചര്യ സൃഷ്ടിക്കുന്നതിനും ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നു. ഈ സർവേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികൾക്കും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്ത ജനങ്ങൾക്കായി പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നു.

‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കിൽ എപ്പോൾ’ എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സിക്കുന്നതിനും ജനങ്ങൾക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിൽ ഇതിന് മുമ്പ് നടന്ന പഠനങ്ങളിൽ പ്രമേഹ രോഗം വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ 35 ശതമാനത്തോളം പേർക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പർശം തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിർണയ ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു. 

30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങൾക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവർക്ക് ചികിത്സ നൽകുക, ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സൗജന്യമായി നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ ഈ പദ്ധതിയുടെ കീഴിൽ സ്‌ക്രീനിങ് നടത്തുകയും ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ രോഗികൾക്കെല്ലാം മതിയായ ചികിത്സ നൽകുന്നതിനും അമൃതം ആരോഗ്യം പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry : lifestyle dis­ease reg­istry kerala 

You may also like this video :

Exit mobile version