Site iconSite icon Janayugom Online

മയക്കുമരുന്നിനെതിരെ വീടുകളില്‍ ദീപം തെളിയും

മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ആറിന് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. ഇതോടൊപ്പം ബോധവല്ക്കരണ പരിപാടികളും നടക്കും.
ലഹരിക്കെതിരെയുള്ള കേരളത്തിന്റെ മഹാപോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാൻ എല്ലാവരും തയാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Lights will be lit in homes against drugs

You may like this video also

Exit mobile version