Site iconSite icon Janayugom Online

ലിന്റോ ജോസഫിനെ അപമാനിച്ച സംഭവം; അപലപിച്ച് മുസ്ലിം ലീഗ്

പ്രതിഷേധം ശക്തമായതോടെ ലിന്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തില്‍ അപമാനിച്ച സംഭവത്തെ അപലപിച്ച് മുസ്ലിം ലീഗ്. രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റവും മാന്യമായ ഭാഷയിൽ നടത്തുന്നതാണ് കേരളത്തിന്റെ മഹനീയ പാരമ്പര്യമെന്ന് ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി കെ കാസിം വ്യക്തമാക്കി. ലിന്റോയ്ക്കെതിരെ ഉണ്ടായ ബോഡി ഷെയ്മിങ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്ക്കാരശൂന്യവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. 

ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകനിട്ട ഫേസ് ബുക്ക് കമന്റിനെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. രാഷ്ട്രീയ വിയോജിപ്പുകളാകാമെങ്കിലും മനുഷ്യത്വം മരവിച്ചുപോകരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേഗതയുള്ള ഒരു മികച്ച കായികതാരമായിരുന്നു ഒരു കാലത്ത് ലിന്റോ. ആ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് മനസിലാക്കാൻ പരിഹാസവുമായി ഇറങ്ങിയവർ ഒന്ന് ചരിത്രം അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ട്യൂമർ ബാധിച്ചു ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകാൻ പെരുന്നാൾ ദിനത്തിൽ ആംബുലൻസ് ഡ്രൈവറെ ലഭിക്കാതെ വന്നു. അപ്പോൾ സ്വയം ഡ്രൈവറായി ചുമതലയേറ്റതിൽ ടിപ്പർ ലോറി ഇടിച്ചു അപകടം പറ്റിയാണ് ലിന്റോ ജോസഫിന്റെ കാലിന് ചലനവൈകല്യം സംഭവിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പലരും ഓർമപ്പെടുത്തുന്നുണ്ട്. അധിക്ഷേപ പരാമർശങ്ങൾക്ക് വില കൊടുക്കുന്ന ആളല്ല താനെന്നായിരുന്നു ലിന്റോ ജോസഫിന്റെ പ്രതികരണം. 

Exit mobile version