Site iconSite icon Janayugom Online

ശോചനാവസ്ഥയിലായ ലയൺസ് പാർക്കിന് പുതുജീവനേകാൻ കോഴിക്കോട് നഗരസഭ

 

കോഴിക്കോട് ബീച്ചിലെ ഒരു കാലഘട്ടത്തിലെ പ്രധാന ആകർഷണമായിരുന്ന ലയൺസ് പാർക്ക് ശോചനീയാവസ്ഥയിൽ.

ഒരു കാലത്ത് ബീച്ചിലെത്തുന്നവരെ ഏറെ ആകർഷിച്ചിരുന്ന പാർക്കാണ് ഇന്ന് ദയനീയാവസ്ഥയിൽ കിടക്കുന്നത്. ലയൺസ് പാർക്കിന് പുതുജീവനേകാൻ ഒരുങ്ങുകയാണ് കോഴിക്കോട് നഗരസഭ. ഏറെ ചരിത്ര പ്രാധാന്യമുള്ള ലയൺസ് പാർക്കിന്റെ നവീകരണത്തോടെ കോഴിക്കോട് നഗരത്തെയും ബീച്ചിലെയും കൂടുതൽ സൗന്ദരവത്ക്കരിക്കാനാകുമെന്ന തിരിച്ചറിവിലാണ് നടപടികൾ.

ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്ന രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി.

ലയൺസ് പാർക്കിന്റെ നടത്തിപ്പും പരിപാലനവും കോർപ്പറേഷൻ നേരിട്ട് നടത്തുന്നതിനും നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിശദമായ പ്രൊപോസൽ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറുന്നതിനും പദ്ധതിയുടെ മാസ്റ്റർപ്ലാൻ 2022 ഏപ്രിൽ അവസാനത്തോട് കൂടി തയ്യാറാക്കി 2023 ൽ പാർക്ക് പൂർണ്ണ തോതിൽ തന്നെ പ്രവർത്തന സജ്ജമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

അടിയന്തിര പ്രാധാന്യമുള്ള അറ്റകുറ്റ പണികളും ശുചീകരണ പ്രവർത്തനങ്ങളും കോർപ്പറേഷൻ ഉടൻ തന്നെ തുടങ്ങും. അതിന്റെ ആദ്യ പടിയായി ലയൺസ് പാർക്ക് പരിസരത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും കടകളും നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു.

മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ കൃഷ്ണകുമാരി, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി സി രാജൻ, കോർപ്പറേഷൻ സെക്രട്ടറി കെയു ബിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി രമേഷ് എന്നിവർ പങ്കെടുത്തു.

പാർക്കിന് ചുറ്റുമുള്ള ഇരുമ്പിൽ തീർത്ത സുരക്ഷാവേലികൾ തകർന്നു കിടക്കുന്ന സ്ഥിതിയാണുള്ളത്. കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ ഉപയോഗശൂന്യമായി തുടങ്ങിയിട്ടുണ്ട്.

അപൂർവ്വങ്ങളായ വൃക്ഷങ്ങളുടെ പേരും ശാസ്ത്ര നാമവും സൂചിപ്പിക്കുന്ന ബോർഡുകളും നശിച്ചു. പലരും പാർക്കിലേക്ക് മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്. ഇതിനെല്ലാം കോർപ്പറേഷൻ നേരിട്ട് പരിപാലനം നടത്തുന്നതോടെ പരിഹാരമാകുമെന്ന് കരുതുന്നു.

1965 സപ്തംബർ 19ന് അന്നത്തെ മേയറാണ് നഗരത്തിലെ പ്രബല സന്നദ്ധ സംഘടനയായിരുന്ന ലയൺസ് ഇന്റർനാഷണൽ ക്ലബിനു സ്ഥലം കൈമാറിയത്. തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം നഗരസഭ താത്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. പിന്നീട് പാർക്കിന് വടക്ക് ഭാഗത്ത് 1973 മെയ് അഞ്ചിന് കുട്ടികളുടെ പാർക്കും ആരംഭിച്ചു.

പിന്നീട് കോഴിക്കോട്ടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി ലയൺസ് പാർക്ക് മാറുകയായിരുന്നു.

Exit mobile version