Site iconSite icon Janayugom Online

പരാജയപ്പെട്ട മദ്യനിരോധനവും ബിജെപിയുടെ ഇരട്ടത്താപ്പും

സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 35 പേരുടെ മരണത്തിന് ഇടയാക്കിയ ബിഹാറിലെ വിഷമദ്യ ദുരന്തം ബിജെപിയും ജനതാദള്‍ യുണൈറ്റഡും തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴി തുറന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ മദ്യനിരോധനത്തിലെ പോരായ്മകളെ വിമര്‍ശിച്ച ബിജെപി എംഎല്‍എമാരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുടിയന്മാര്‍ എന്നാണ് വിളിച്ചത്. നിരോധനം ആരംഭിച്ചപ്പോള്‍ മുതലാണ് ഇത്തരത്തിലുള്ള ദുരന്തങ്ങളും ആരംഭിച്ചതെന്നാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ ബിജെപി എംപി സുശീല്‍ കുമാര്‍ മോഡി അവകാശപ്പെട്ടത്. എന്നാല്‍ 2017 ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, നിതീഷ് സര്‍ക്കാരിന്റെ നീക്കത്തെ ധീരമെന്നാണ് വിളിച്ചിരുന്നത്. സംസ്ഥാനത്ത് എല്ലത്തരത്തിലുമുള്ള മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും സാമൂഹിക പ്രവര്‍ത്തകരും പ്രക്ഷോഭം നടത്തിയതിന്റെ ഫലമായാണ് 2016ലെ ബിഹാര്‍ പ്രൊഹിബിഷൻ ആന്റ് എക്സൈസ് ആക്ട് നടപ്പാക്കിയത്. ഇതേ നിയമമുള്ള ഗുജറാത്തില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ വിഷമദ്യം കുടിച്ച് 42 പേരാണ് മരിച്ചത്. ബോംബെയില്‍ നിന്നും വിഭജിച്ച 1960 മുതല്‍ ഗുജറാത്ത് മദ്യവിമുക്ത സംസ്ഥാനമാണ്. 2009ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ 136 പേര്‍ വിഷമദ്യംകഴിച്ച് മരിച്ചതിനെ തുടര്‍ന്ന്മദ്യ നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഈ കുറ്റത്തിന് വധശിക്ഷ പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനവും ഗുജറാത്ത് ആണ്. ബിഹാറില്‍ പിഴ ശിക്ഷയില്‍ മാത്രം ഒതുക്കി. നിരോധന നിയമം ദുര്‍ബലവുമാണ്. മദ്യത്തിന്റെ കള്ളക്കടത്തും അനധികൃത നിര്‍മ്മാണവും തടയാൻ അവര്‍ക്കായിട്ടില്ല.

സംസ്ഥാനത്തെ മദ്യ ഉപയോഗം ആഘോഷ വേളകളിലും തണുപ്പ് കാലത്തും മരണ നിരക്ക് വര്‍ധിക്കാൻ കാരണമായിട്ടുണ്ട്. ഗുജറാത്തില്‍ നിയമം കര്‍ശനമാണെങ്കിലും മദ്യത്തിന്റെ അനധികൃത കച്ചവടവും മരണ നിരക്കും കുറയ്ക്കാൻ സാധിച്ചിട്ടില്ല. ബിജെപിയുടെ നിലപാട് എന്തുതന്നെയായാലും ഗുജറാത്തിലും ബിഹാറിലും മദ്യനിരോധനം വലിയ തോതില്‍ പരാജയമായിരുന്നു. താൻ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ കര്‍ശനമാക്കിയ മദ്യനിരോധന നിയമം നടപ്പാക്കാൻ എത്രമാത്രം ബുദ്ധിമുട്ടിയെന്ന് നരേന്ദ്ര മോഡിക്ക് അറിയാമായിരുന്നു. അതിനാലാണ് 2017ല്‍ പട്നയിലെ പ്രസംഗത്തില്‍ മോഡി നിതീഷിനെ പ്രശംസിച്ചതും സാമൂഹിക മാറ്റം വളരെ കടുപ്പമാണെന്നും സമൂഹവും അതിന് സഹകരിക്കണമെന്നും പറഞ്ഞത്. വിവിധ കോണുകളില്‍ നിന്നും നിതീഷ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും 2016 ഏപ്രില്‍ ഒന്നിന് മദ്യനിരോധന നിയമം നടപ്പാക്കിയതോടെ സ്ത്രീകളും സാമൂഹിക സംഘടനകളും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മാത്രമല്ല 2016 മാര്‍ച്ചില്‍ നടന്ന ഹോളി ആഘോഷത്തിനിടെ മദ്യപിച്ച ഭര്‍ത്താക്കന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ സ്ത്രീകള്‍ തന്നെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നിയമസഭയില്‍ ഏകകണ്ഠമായാണ് നിയമം പാസാക്കപ്പെട്ടത്. എന്നാല്‍ അന്നത്തെ ജെഡിയു സഖ്യകക്ഷിയായ ആര്‍ജെഡിയിലെ ചില നേതാക്കള്‍ക്ക് ഇത് പ്രാവര്‍ത്തികമാക്കാനാകുമോ എന്ന് സംശയമുണ്ടായിരുന്നു. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം മദ്യത്തിന്റെ നികുതി എടുത്തു കളഞ്ഞുവെന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ക്കകം തന്നെ ബിഹാറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മദ്യനിരോധനം വൻകിട ബിസിനസുകാരെയും പ്രാദേശിക തലത്തില്‍ മദ്യക്കച്ചവടം നടത്തുന്നവരെയും ബാധിച്ചു.


ഇതുകൂടി വായിക്കൂ:


രാഷ്ട്രീയ സഖ്യങ്ങള്‍ മാറിയതും ഭരണപരമായ പല തീരുമാനങ്ങള്‍ മാറ്റുകയും ചെയ്തതിനാല്‍ നിതീഷ്, ‘യൂടേണ്‍ മാൻ’ എന്ന് വിളിക്കപ്പെടാറുണ്ട്. 2005ല്‍ അധികാരത്തിലേറി രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം സംസ്ഥാന വരുമാനം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന വിധത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചിരുന്നു. മദ്യക്കടകള്‍ തുറക്കുന്നതിനായി വലിയ തോതില്‍ ലൈസൻസുകള്‍ നല്‍കപ്പെട്ടു. സംസ്ഥാനത്ത് മദ്യവും ബിയറും ഉല്പാദിപ്പിക്കുന്നതിന് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ടു. പട്നയുടെ പരിസരത്ത് തന്നെ മദ്യനിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ടു. നിതീഷ് മാത്രമല്ല, അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ കുമാര്‍ മോഡിയും പുതിയ നയം സംസ്ഥാനത്തിന് ധാരാളം വരുമാനം നേടിത്തരുമെന്ന് വാദിച്ചു. ധാതുസമ്പുഷ്ടമായ ഝാര്‍ഖണ്ഡ് പുതിയൊരു സംസ്ഥാനമായതോടെ ബിഹാറിന്റെ വിഭവങ്ങളില്‍ വലിയ തോതില്‍ കുറവ് വന്നിരുന്നു. അന്നത്തെ റാബ്റി ദേവി സര്‍ക്കാര്‍ സംസ്ഥാന ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കഷ്ടപ്പെടുകയായിരുന്നു. മദ്യനയത്തിലൂടെ സംസ്ഥാനത്തെ സാമ്പത്തിക രംഗം ഉയര്‍ത്താമെന്ന് നിതീഷ് തീരുമാനിച്ചതിനാല്‍ 2005ലെ തെരഞ്ഞെടുപ്പില്‍ റാബ്റി ദേവി സര്‍ക്കാരിന് അധികാരം നഷ്ടമാകുകയും ചെയ്തു. മദ്യത്തിന്റെ സ്വതന്ത്ര വിപണനവും ഉപഭോഗവും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിപ്പിച്ചത് നിതിഷിനെതിരെ സാമൂഹിക വിമര്‍ശനത്തിന് കാരണമായെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നതാണ് ഏറെ കഷ്ടം. എഫ്ഐആറുകളൊന്നും രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ ക്രമസമാധന നില ചോദ്യം ചെയ്യപ്പെട്ടില്ല. 2015ഓടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുകയും ജൂലൈ ഒമ്പതിന് ഒരു കൂട്ടം സ്ത്രീകള്‍ മുഖ്യമന്ത്രിയെ ഘെരാവോ ചെയ്യുകയും ചെയ്തു. അമിത മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളാണ് അവര്‍ പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടിയത്.

അതോടെ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. ആ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി താൻ വളര്‍ത്തിയെടുത്ത മദ്യ ലോബി എത്രമാത്രം കരുത്താര്‍ജിച്ചുവെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. അദ്ദേഹത്തിന്റെ മദ്യനയത്തിന്റെ ഗുണഭോക്താക്കളില്‍ ജെഡിയുവിലെയും ബിജെപിയിലെയും പ്രധാന നേതാക്കളും ഉണ്ടായിരുന്നു. മദ്യ അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് നിതീഷ് തന്നെയാണ് എക്സൈസ് മന്ത്രിയായിരുന്ന ജാംഷഡ് അഷ്റഫിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. 2013 ജൂണ്‍ 16 വരെയും 2017 ജൂലൈ 26 മുതല്‍ 2022 ഓഗസ്റ്റ് ഒമ്പത് വരെയും നിതിഷുമായി സഖ്യത്തിലായിരുന്നു ബിജെപി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഹാറിലുണ്ടായ മദ്യദുരന്ത മരണങ്ങളുടെ വലിപ്പം ചൂണ്ടിക്കാട്ടുകയാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍. എന്നാല്‍ നിതീഷിനൊപ്പം അധികാരം പങ്കിട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച കാര്യം മാത്രം അവര്‍ ഓര്‍ക്കുന്നുമില്ല, ഓര്‍മ്മിപ്പിക്കുന്നുമില്ല. ബിഹാറിനെ മദ്യവിമുക്തമായി പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ നിതീഷിനെതിരെ തിരിയുകയും സംസ്ഥാനത്തിന് ധാരാളം നിക്ഷേപങ്ങള്‍ നഷ്ടമാകുമെന്ന് വാദിക്കുകയും ചെയ്തു. എന്നാല്‍ അവരാരും ഗുജറാത്തിലെ മദ്യനയത്തെ ചോദ്യം ചെയ്ത് കാണുന്നില്ല.


ഇതുകൂടി വായിക്കൂ:


ഗുജറാത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിവര്‍ഷം 10,000 കോടി രൂപ മദ്യനിരോധനം മൂലം നഷ്ടമാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2015–16 സാമ്പത്തിക വര്‍ഷത്തില്‍ ബിഹാറിന് 4,000 കോടി രൂപയാണ് മദ്യ നികുതിയില്‍ നിന്ന് ലഭിച്ചത്. 2017 ജനുവരിയില്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിതീഷിന്റെ നിരോധനത്തെ പരസ്യമായി പ്രശംസിച്ചതെന്നതാണ് മറ്റൊരു ചോദ്യം. പ്രധാനമന്ത്രിയുടെ പട്ന പ്രസംഗത്തിന് രണ്ട് മാസം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ എട്ടിന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ബിഹാര്‍ മുഖ്യമന്ത്രി പിന്തുണച്ചിരുന്നു. നിതീഷിനെ ഒരിക്കല്‍ കൂടി എൻഡിഎ സഖ്യത്തിലെത്തിക്കാനുള്ള കാവി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ അതോടെയാണ് ആരംഭിച്ചത്. എന്നാല്‍ 2017 ജൂലൈ 26ന് മാത്രമാണ് അത് സാധ്യമായത്. ഇതായിരുന്നു ബിജെപിയുടെ നിതീഷ് പിന്തുണയ്ക്ക് കാരണം. അടുത്തിടെ ബിഹാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി വീണ്ടും മദ്യ നിരോധന വിഷയം ഉയര്‍ത്തിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ മദ്യദുരന്തത്തില്‍ 42 പേര്‍ മരിച്ചത് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിച്ചെങ്കിലും രണ്ട് പാര്‍ട്ടികളും ദയനീയമായി പരാജയപ്പെടുകയായിരുന്നു. 2024ലോ 2025 ലോ നടന്നേക്കാവുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനിരോധന വിഷയം വോട്ടാക്കുന്നതില്‍ ബിജെപി വിജയിക്കുമോയെന്ന് ഇനിയും പറയാറായിട്ടില്ല. (പട്നയിലെ ഫ്രീലാൻസ് ജേണലിസ്റ്റാണ് ലേഖകൻ)

Exit mobile version