Site iconSite icon Janayugom Online

മദ്യനയ അഴിമതി കേസ്: ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റിലായി. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി ബിആർഎസ് നേതാവ് കെ കവിതയുടെ ഹൈദരാബാദിലെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ ഉച്ചയോടെ ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈവര്‍ഷം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും രണ്ട് തവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും മലയാളിയുമായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021ല്‍ ഡല്‍ഹിയില്‍ മദ്യ വില്പനാ ലൈസന്‍സ് സ്വകാര്യ മേഖലയ്ക്ക് കൈമാറിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ഇഡി കണ്ടെത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേകേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് കോടതിയില്‍ ഹാജരാകാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. മാർച്ച് 16ന് കോടതിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര പുറപ്പെടുവിച്ച ഉത്തരവിനെതിരെ സെഷൻസ് കോടതി സ്റ്റേ അനുവദിച്ചില്ല.

Eng­lish Sum­ma­ry: Liquor cor­rup­tion case: BRS leader K Kavi­ta arrested

You may also like this video

Exit mobile version