നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടികാട്ടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖതാരത്തിനെതിരെ ലിസ്റ്റിന്‍ പൊതുവേദിയില്‍ നടത്തിയ വിമര്‍ശനത്തിലാണ് സാന്ദ്ര തോമസ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. ലിസ്റ്റൻ സ്റ്റീഫൻ തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞു. ലിസ്റ്റിനെതിരെ പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും തനിക്കെതിരെ സങ്കടിതമായ ആക്രമണമാണ് നടക്കുന്നതെന്നും അവർ പ്രതികരിച്ചു.

